Publicidade

Salmos 91

സംരക്ഷകനായ ദൈവം

1 അത്യുന്നതനായ ദൈവത്തിന്‍റെ മറവിൽ വസിക്കുകയും

സർവ്വശക്തന്‍റെ നിഴലിൻ കീഴിൽ വസിക്കുകയും ചെയ്യുന്നവൻ

2 യഹോവയെക്കുറിച്ച്: "അവിടുന്ന് എന്‍റെ സങ്കേതവും കോട്ടയും

ഞാൻ ആശ്രയിക്കുന്ന എന്‍റെ ദൈവവും" എന്നു പറയുന്നു.

3 ദൈവം നിന്നെ വേട്ടക്കാരന്‍റെ കെണിയിൽ നിന്നും

മാരകമായ മഹാവ്യാധിയിൽനിന്നും വിടുവിക്കും.

4 തന്‍റെ തൂവലുകൾകൊണ്ട് കർത്താവ് നിന്നെ മറയ്ക്കും;

അവിടുത്തെ ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും;

അവിടുത്തെ വിശ്വസ്തത നിനക്കു പരിചയും കവചവും ആകുന്നു.

5 രാത്രിയിലെ ഭീകരതയും

പകൽ പറന്നുവരുന്ന അമ്പുകളും

6 ഇരുളിൽ മറഞ്ഞിരിക്കുന്ന മഹാവ്യാധിയും

ഉച്ചയ്ക്കു നശിപ്പിക്കുന്ന സംഹാരകനും നിന്നെ ഭയപ്പെടുത്തുകയില്ല.

7 നിന്‍റെ വശത്ത് ആയിരം പേരും

നിന്‍റെ വലത്തുഭാഗത്ത് പതിനായിരംപേരും വീഴാം,

എങ്കിലും ഇതൊന്നും നിന്നോട് അടുത്തുവരുകയില്ല.

8 നിന്‍റെ കണ്ണുകൊണ്ട് തന്നെ നീ നോക്കി

ദുഷ്ടന്മാർക്ക് ലഭിക്കുന്ന പ്രതിഫലം കാണും.

9 എന്‍റെ സങ്കേതമായ യഹോവയെ,

അത്യുന്നതനായവനെത്തന്നെ, നീ നിന്‍റെ വാസസ്ഥലമാക്കി ഇരിക്കുന്നതിനാൽ,

10 ഒരു അനർത്ഥവും നിനക്കു ഭവിക്കുകയില്ല;

ഒരു ബാധയും നിന്‍റെ കൂടാരത്തിന് അടുത്തുവരുകയില്ല.

11 നിന്‍റെ എല്ലാ വഴികളിലും നിന്നെ കാക്കേണ്ടതിന്

കർത്താവ് നിന്നെക്കുറിച്ച് തന്‍റെ ദൂതന്മാരോട് കല്പിക്കും;

12 നിന്‍റെ കാൽ കല്ലിൽ തട്ടാതിരിക്കേണ്ടതിന്

അവർ നിന്നെ കൈകളിൽ വഹിച്ചു കൊള്ളും.

13 സിംഹത്തെയും അണലിയെയും നീ ചവിട്ടും;

ബാലസിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിച്ചുകളയും.

14 "അവൻ സ്നേഹപൂർവം എന്നോട് പറ്റിയിരിക്കുകയാൽ ഞാൻ അവനെ വിടുവിക്കും;

അവൻ എന്‍റെ നാമത്തെ അറിയുകയാൽ ഞാൻ അവനെ ഉയർത്തും.

15 അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ അവന് ഉത്തരമരുളും;

കഷ്ടകാലത്ത് ഞാൻ അവനോടുകൂടെ ഇരിക്കും;

ഞാൻ അവനെ വിടുവിച്ച് മഹത്വീകരിക്കും.

16 ദീർഘായുസ്സുകൊണ്ട് ഞാൻ അവനെ തൃപ്തനാക്കും;

എന്‍റെ രക്ഷയെ അവന് കാണിച്ചുകൊടുക്കും.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-