Publicidade

Salmos 12

സഹായത്തിനായുള്ള അപേക്ഷ
സംഗീതപ്രമാണിക്ക്; അഷ്ടമരാഗത്തിൽ: ദാവീദിന്‍റെ ഒരു സങ്കീർത്തനം.

1 യഹോവേ, രക്ഷിക്കേണമേ; ഭക്തന്മാർ ഇല്ലാതെ പോകുന്നു;

വിശ്വസ്തന്മാർ മനുഷ്യപുത്രന്മാരിൽ കുറഞ്ഞിരിക്കുന്നു;

2 ഓരോരുത്തൻ അവനവന്‍റെ കൂട്ടുകാരനോട് വ്യാജം സംസാരിക്കുന്നു;

കപടമുള്ള അധരത്തോടും ഇരുമനസ്സോടും കൂടി അവർ സംസാരിക്കുന്നു.

3 കപടമുള്ള അധരങ്ങളെ ഒക്കെയും

വമ്പു പറയുന്ന നാവിനെയും യഹോവ ഛേദിച്ചുകളയും.

4 "ഞങ്ങളുടെ നാവുകൊണ്ട് ഞങ്ങൾ ജയിക്കും;

ഞങ്ങളുടെ അധരങ്ങൾ ഞങ്ങൾക്കു തുണ; ഞങ്ങൾക്കു യജമാനൻ ആര്‍?" എന്നു അവർ പറയുന്നു.

5 "എളിയവരുടെ പീഡയും ദരിദ്രന്മാരുടെ നെടുവീർപ്പും നിമിത്തം

ഇപ്പോൾ ഞാൻ എഴുന്നേല്‍ക്കും; രക്ഷക്കായി കാംക്ഷിക്കുന്നവനെ

ഞാൻ സംരക്ഷിക്കും" എന്നു യഹോവ അരുളിച്ചെയ്യുന്നു.

6 യഹോവയുടെ വചനങ്ങൾ നിർമ്മല വചനങ്ങൾ ആകുന്നു;

നിലത്ത് ഉലയിൽ ഉരുക്കി ഏഴു പ്രാവശ്യം ശുദ്ധിചെയ്ത വെള്ളിപോലെ തന്നെ.

7 യഹോവേ, അവിടുന്ന് ഞങ്ങളെ കാത്തുകൊള്ളും;

ഈ തലമുറയിൽനിന്ന് ഞങ്ങളെ എന്നും സൂക്ഷിക്കും.

8 മനുഷ്യപുത്രന്മാരുടെ ഇടയിൽ വഷളത്തം പ്രബലപ്പെടുമ്പോൾ

ദുഷ്ടന്മാർ എല്ലായിടവും സഞ്ചരിക്കുന്നു.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_06-50-08-