Publicidade

Salmos 57

ദൈവത്തിൽ ശരണം പ്രാപിക്കുന്നു
സംഗീതപ്രമാണിക്ക്; നശിപ്പിക്കരുതേ എന്ന രാഗത്തിൽ; ദാവീദിന്‍റെ ഒരു സ്വർണ്ണഗീതം. ശൗലിന്‍റെ മുമ്പിൽനിന്ന് ഗുഹയിലേക്ക് ഓടിപ്പോയ കാലത്ത് രചിച്ചത്.

1 ദൈവമേ, എന്നോട് കൃപയുണ്ടാകേണമേ;

എന്നോട് കൃപയുണ്ടാകേണമേ;

ഞാൻ അങ്ങയെ ശരണം പ്രാപിക്കുന്നു;

അതേ, ഈ ആപത്തുകൾ ഒഴിഞ്ഞുപോകുംവരെ

ഞാൻ അവിടുത്തെ ചിറകിൻ നിഴലിൽ ശരണം പ്രാപിക്കുന്നു.

2 അത്യുന്നതനായ ദൈവത്തെ ഞാൻ വിളിച്ചപേക്ഷിക്കുന്നു;

എനിക്കുവേണ്ടി സകലവും നിർവ്വഹിക്കുന്ന ദൈവത്തെ തന്നെ.

3 എന്നെ വിഴുങ്ങുവാൻ ഭാവിക്കുന്നവർ എന്നെ നിന്ദിക്കുമ്പോൾ

കർത്താവ് സ്വർഗ്ഗത്തിൽനിന്ന് കൈ നീട്ടി എന്നെ രക്ഷിക്കും. സേലാ.

ദൈവം തന്‍റെ ദയയും വിശ്വസ്തതയും അയയ്ക്കുന്നു.

4 ഞാന്‍ സിംഹത്തേപ്പോലെ ആര്‍ത്തിയോടെ വിഴുങ്ങുന്ന ജനങ്ങളുടെ ഇടയിൽ ഇരിക്കുന്നു;

അഗ്നിജ്വലിക്കുന്നവരുടെ നടുവിൽ ഞാൻ കിടക്കുന്നു;

പല്ലുകൾ കുന്തങ്ങളോ അസ്ത്രങ്ങളോ, നാവ് മൂർച്ചയുള്ള വാളോ ആയിരിക്കുന്ന

മനുഷ്യപുത്രന്മാരുടെ ഇടയിൽ തന്നെ.

5 ദൈവമേ, അവിടുന്ന് ആകാശത്തിന് മീതെ ഉയർന്നിരിക്കേണമേ;

അങ്ങേയുടെ മഹത്വം സർവ്വഭൂമിയിലും പരക്കട്ടെ.

6 അവർ എന്‍റെ കാലടികൾക്ക് മുമ്പിൽ ഒരു വല വിരിച്ചു;

എന്‍റെ മനസ്സ് ഇടിഞ്ഞിരിക്കുന്നു;

അവർ എന്‍റെ മുമ്പിൽ ഒരു കുഴി കുഴിച്ചു;

അതിൽ അവർ തന്നെ വീണു. സേലാ.

7 എന്‍റെ മനസ്സ് ഉറച്ചിരിക്കുന്നു;

ദൈവമേ, എന്‍റെ മനസ്സ് ഉറച്ചിരിക്കുന്നു;

ഞാൻ പാടും; ഞാൻ കീർത്തനം ചെയ്യും.

8 എൻ മനമേ, ഉണരുക;

വീണയും കിന്നരവുമേ, ഉണരുവിൻ!

ഞാൻ തന്നെ പ്രഭാതകാലത്ത് ഉണരും.

9 കർത്താവേ, വംശങ്ങളുടെ ഇടയിൽ ഞാൻ അങ്ങേക്ക് സ്തോത്രം ചെയ്യും;

ജനതകളുടെ മദ്ധ്യേ ഞാൻ അങ്ങേക്ക് കീർത്തനം ചെയ്യും.

10 അങ്ങേയുടെ ദയ ആകാശത്തോളവും

അവിടുത്തെ വിശ്വസ്തത മേഘങ്ങളോളം വലുതല്ലയോ?.

11 ദൈവമേ, അവിടുന്ന് ആകാശത്തിന് മീതെ ഉയർന്നിരിക്കേണമേ;

അവിടുത്തെ മഹത്വം സർവ്വഭൂമിയ്ക്കും ഉപരിയായി പരക്കട്ടെ.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_06-50-08-