Publicidade

Salmos 92

നീതിമാന്‍റെ സന്തോഷം
ശബ്ബത്ത് നാളിനുള്ള ഒരു ഗീതം; ഒരു സങ്കീർത്തനം.

1 യഹോവയ്ക്ക് സ്തോത്രം ചെയ്യുന്നതും

അത്യുന്നതനായ യഹോവേ, അങ്ങേയുടെ നാമത്തെ കീർത്തിക്കുന്നതും

2 പത്തു കമ്പിയുള്ള വാദിത്രം കൊണ്ടും വീണ കൊണ്ടും

ഗംഭീരസ്വരമുള്ള കിന്നരം കൊണ്ടും

3 രാവിലെ അങ്ങേയുടെ ദയയും

രാത്രിയിൽ അങ്ങേയുടെ വിശ്വസ്തതയും വർണ്ണിക്കുന്നതും നല്ലത്.

4 യഹോവേ, അങ്ങേയുടെ പ്രവൃത്തികൊണ്ട് അങ്ങ് എന്നെ സന്തോഷിപ്പിക്കുന്നു;

ഞാൻ അങ്ങേയുടെ കൈകളുടെ പ്രവൃത്തികളെക്കുറിച്ച് ഘോഷിച്ചുല്ലസിക്കുന്നു.

5 യഹോവേ, അങ്ങേയുടെ പ്രവൃത്തികൾ എത്രമാത്രം വലിയവയാകുന്നു!

അങ്ങേയുടെ വിചാരങ്ങൾ അത്യന്തം അഗാധമായവ തന്നെ.

6 ബുദ്ധിഹീനനായ മനുഷ്യൻ അത് അറിയുന്നില്ല;

മൂഢൻ അത് ഗ്രഹിക്കുന്നതും ഇല്ല.

7 ദുഷ്ടന്മാർ പുല്ലുപോലെ മുളയ്ക്കുന്നതും

നീതികേട് പ്രവർത്തിക്കുന്നവരെല്ലാം തഴയ്ക്കുന്നതും

എന്നേക്കും നശിച്ചുപോകേണ്ടതിനാകുന്നു.

8 യഹോവേ, അവിടുന്ന് എന്നേക്കും അത്യുന്നതനാകുന്നു.

9 യഹോവേ, ഇതാ, അങ്ങേയുടെ ശത്രുക്കൾ,

ഇതാ, അങ്ങേയുടെ ശത്രുക്കൾ നശിച്ചുപോകുന്നു;

നീതികേട് പ്രവർത്തിക്കുന്ന ഏവരും ചിതറിപ്പോകും.

10 എങ്കിലും എന്‍റെ ശക്തി അങ്ങ് കാട്ടുപോത്തിന്‍റെ ശക്തിക്ക് തുല്യം ഉയർത്തുന്നു;

അവിടുന്ന് എന്നെ സന്തോഷംകൊണ്ട് അനുഗ്രഹിക്കുന്നു.

11 എന്‍റെ കണ്ണ് എന്‍റെ ശത്രുക്കളുടെ പതനം കണ്ടു;

എന്‍റെ ചെവി എന്നോട് എതിർക്കുന്ന ദുഷ്കർമ്മികളെക്കുറിച്ച് കേട്ടു.

12 നീതിമാൻമാർ പനപോലെ തഴയ്ക്കും;

ലെബാനോനിലെ ദേവദാരുപോലെ വളരും.

13 യഹോവ തന്‍റെ ആലയത്തിൽ നട്ടിരിക്കുന്ന ഇവർ

നമ്മുടെ ദൈവത്തിന്‍റെ പ്രാകാരങ്ങളിൽ തഴച്ചുവളരും.

14 വാർദ്ധക്യത്തിലും അവർ ഫലം കായിച്ചുകൊണ്ടിരിക്കും;

അവർ പുഷ്ടിവച്ചും പച്ചപിടിച്ചും ഇരിക്കും.

15 യഹോവ നേരുള്ളവൻ, കർത്താവ് എന്‍റെ പാറ,

ദൈവത്തിൽ നീതികേടില്ല എന്നു കാണിക്കേണ്ടതിന് തന്നെ.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-