Publicidade

Salmos 7

നീതിക്കുവേണ്ടിയുള്ള പ്രാർത്ഥന
ബെന്യാമീന്യനായ കൂശിന്‍റെ വാക്കുകൾനിമിത്തം ദാവീദ് യഹോവയ്ക്കു പാടിയ വിഭ്രമഗീതം.

1 എന്‍റെ ദൈവമായ യഹോവേ, അങ്ങയെ ഞാൻ ശരണം പ്രാപിക്കുന്നു;

എന്നെ ഉപദ്രവിക്കുന്ന എല്ലാവരുടെയും കയ്യിൽനിന്ന് എന്നെ രക്ഷിച്ചു വിടുവിക്കേണമേ.

2 അവൻ സിംഹത്തെപ്പോലെ എന്നെ കീറിക്കളയരുതേ;

വിടുവിക്കുവാൻ ആരും ഇല്ലാതെയിരിക്കുമ്പോൾ എന്നെ ചീന്തിക്കളയരുതേ.

3 എന്‍റെ ദൈവമായ യഹോവേ, ഞാൻ ഇത് ചെയ്തിട്ടുണ്ടെങ്കിൽ,

എന്‍റെ പക്കൽ നീതികേടുണ്ടെങ്കിൽ,

4 എന്നോട് സമാധാനമായിരുന്നവനോട് ഞാൻ ദോഷം ചെയ്തിട്ടുണ്ടെങ്കിൽ,

കാരണംകൂടാതെ എന്നോട് ശത്രുവായിരുന്നവനെ ഞാൻ വിടുവിച്ചുവല്ലോ

5 ശത്രു എന്‍റെ പ്രാണനെ പിന്തുടർന്നു പിടിക്കട്ടെ;

അവൻ എന്‍റെ ജീവനെ നിലത്തിട്ടു ചവിട്ടട്ടെ;

എന്‍റെ മാനത്തെ പൂഴിയിൽ തള്ളിയിടട്ടെ. സേലാ.

6 യഹോവേ, കോപത്തോടെ എഴുന്നേല്ക്കേണമേ;

എന്‍റെ വൈരികളുടെ ക്രോധത്തോട് എതിർത്തു നില്ക്കേണമേ;

എനിക്കു വേണ്ടി അവിടുന്ന് കല്പിച്ച ന്യായവിധിക്കായി ഉണരേണമേ;.

7 ജനതകൾ സംഘമായി അങ്ങയെ ചുറ്റിനില്ക്കട്ടെ;

ഉയരത്തിലിരുന്ന് അവിടുന്ന് അവരെ ഭരിക്കേണമേ

8 യഹോവ ജനതകളെ ന്യായം വിധിക്കുന്നു;

യഹോവേ, എന്‍റെ നീതിക്കും പരമാർത്ഥതയ്ക്കും തക്കവണ്ണം എന്നെ വിധിക്കേണമേ;

9 ദുഷ്ടന്‍റെ ദുഷ്ടത അവസാനിക്കട്ടെ; നീതിമാനെ അവിടുന്ന് ഉറപ്പിക്കേണമേ.

നീതിമാനായ ദൈവം ഹൃദയങ്ങളെയും മനസ്സുകളെയും ശോധനചെയ്യുന്നുവല്ലോ.

10 ദൈവമാണ് എന്‍റെ പരിച; അവിടുന്ന്

ഹൃദയപരമാർത്ഥതയുള്ളവരെ രക്ഷിക്കുന്നു.

11 ദൈവം നീതിയുള്ള ന്യായാധിപതിയാകുന്നു;

ദൈവം ദിവസംപ്രതി ദുഷ്ടനോട് കോപിക്കുന്നു.

12 മനം തിരിയുന്നില്ലെങ്കിൽ അവിടുന്ന് തന്‍റെ വാളിന് മൂർച്ചകൂട്ടും;

അവിടുന്ന് തന്‍റെ വില്ലു കുലച്ച് ഒരുക്കിയിരിക്കുന്നു.

13 അവിടുന്ന് മരണാസ്ത്രങ്ങളെ അവന്‍റെനേരെ തൊടുത്ത്,

തന്‍റെ ശരങ്ങളെ തീയമ്പുകളാക്കി തീർത്തിരിക്കുന്നു.

14 ഇതാ, അവന് നീതികേടിനാൽ നോവു കിട്ടുന്നു;

അവൻ കഷ്ടത്തെ ഗർഭംധരിച്ച് വഞ്ചനയെ പ്രസവിക്കുന്നു.

15 അവൻ ഒരു കുഴി കുഴിച്ചുണ്ടാക്കി,

കുഴിച്ച കുഴിയിൽ താൻതന്നെ വീണു.

16 അവന്‍റെ ദുഷ്പ്രവർത്തികൾ അവന്‍റെ തലയിലേക്കു തന്നെ തിരിയും;

അവന്‍റെ ദുഷ്ടത അവന്‍റെ നെറുകയിൽ തന്നെ പതിക്കും.

17 ഞാൻ യഹോവയെ അവിടുത്തെ നീതിക്കു തക്കവണ്ണം സ്തുതിക്കും;

അത്യുന്നതനായ യഹോവയുടെ നാമത്തിന് സ്തോത്രം പാടും.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_06-50-08-