Publicidade

Salmos 46

ദൈവം നമ്മുടെ സങ്കേതം ആകുന്നു
സംഗീതപ്രമാണിക്ക്; കന്യകമാർ എന്ന രാഗത്തിൽ കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം. ഒരു ഗീതം.

1 ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു;

കഷ്ടസമയത്ത് അവിടുന്ന് ഏറ്റവും അടുത്ത സഹായമായിരിക്കുന്നു.

2 അതുകൊണ്ട്, ഭൂമി മാറിപ്പോയാലും,

പർവ്വതങ്ങൾ നീങ്ങി സമുദ്രമദ്ധ്യേ വീണാലും,

3 അതിലെ വെള്ളം ഇരമ്പലോടെ കലങ്ങിയാലും

പ്രളയത്താൽ പർവ്വതങ്ങൾ കുലുങ്ങിയാലും, നാം ഭയപ്പെടുകയില്ല. സേലാ.

4 ഒരു നദി ഉണ്ട്; അതിന്‍റെ തോടുകൾ ദൈവനഗരത്തെ,

അത്യുന്നതന്‍റെ വിശുദ്ധനിവാസത്തെ തന്നെ, സന്തോഷിപ്പിക്കുന്നു.

5 ദൈവം അതിന്‍റെ മദ്ധ്യത്തിൽ ഉണ്ട്; അത് നീങ്ങിപ്പോകുകയില്ല;

ദൈവം അതികാലത്ത് തന്നെ അതിനെ സഹായിക്കും.

6 ജനതകൾ ക്രുദ്ധിച്ചു; രാജ്യങ്ങൾ കുലുങ്ങി;

കർത്താവ് തന്‍റെ ശബ്ദം കേൾപ്പിച്ചു; ഭൂമി ഉരുകിപ്പോയി.

7 സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ട്;

യാക്കോബിന്‍റെ ദൈവം നമ്മുടെ സങ്കേതം ആകുന്നു. സേലാ.

8 വരുവിൻ യഹോവയുടെ പ്രവൃത്തികൾ നോക്കുവിൻ;

അവിടുന്ന് ഭൂമിയിൽ എത്ര വലിയ ശൂന്യത വരുത്തിയിരിക്കുന്നു!

9 കർത്താവ് ഭൂമിയുടെ അറുതികൾ വരെ യുദ്ധങ്ങൾ നിർത്തൽ ചെയ്യുന്നു;

അവിടുന്ന് വില്ലൊടിച്ച് കുന്തം മുറിച്ച് രഥങ്ങൾ തീയിൽ ഇട്ടു ചുട്ടുകളയുന്നു.

10 യുദ്ധം നിര്‍ത്തുവിന്‍, ഞാൻ ദൈവമാണെന്ന് അറിഞ്ഞുകൊള്ളുവിൻ;

ഞാൻ ജനതകളുടെ ഇടയിൽ ഉന്നതൻ ആകും; ഞാൻ ഭൂമിയിൽ ഉന്നതൻ ആകും.

11 സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ട്;

യാക്കോബിന്‍റെ ദൈവം നമ്മുടെ സങ്കേതം ആകുന്നു. സേലാ.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_06-50-08-