Publicidade

Salmos 77

ആശ്വാസം നല്കുന്ന ദൈവം
സംഗീതപ്രമാണിക്ക്; യെദൂഥൂന്യരാഗത്തിൽ; ആസാഫിന്‍റെ ഒരു സങ്കീർത്തനം.

1 ഞാൻ എന്‍റെ ശബ്ദം ഉയർത്തി ദൈവത്തോട്,

എന്‍റെ ശബ്ദം ഉയർത്തി ദൈവത്തോടുതന്നെ നിലവിളിക്കും;

അവിടുന്ന് എന്‍റെ നിലവിളി ശ്രദ്ധിക്കും.

2 കഷ്ടദിവസത്തിൽ ഞാൻ യഹോവയെ അന്വേഷിച്ചു,

രാത്രിയിൽ എന്‍റെ കൈ തളരാതെ മലർത്തിയിരുന്നു;

എന്‍റെ ഉള്ളം ആശ്വാസം നിരസിച്ചു.

3 ഞാൻ ദൈവത്തെ ഓർത്തു നെടുവീർപ്പിടുന്നു.

ഞാൻ ധ്യാനിക്കുമ്പോൾ, എന്‍റെ ആത്മാവ് വിഷാദിക്കുന്നു. സേലാ.

4 അങ്ങ് എന്‍റെ കണ്ണിന് ഉറക്കം നിഷേധിച്ചിരിക്കുന്നു;

സംസാരിക്കുവാൻ കഴിയാത്തവിധം ഞാൻ വ്യാകുലപ്പെട്ടിരിക്കുന്നു.

5 ഞാൻ പൂർവ്വദിവസങ്ങളെയും

പണ്ടത്തെ സംവത്സരങ്ങളെയും ഓർക്കുന്നു.

6 എന്‍റെ ഹൃദയംകൊണ്ട് ഞാൻ ധ്യാനിക്കുന്നു;

എന്‍റെ ആത്മാവും ശോധന കഴിക്കുന്നു.

7 കർത്താവ് എന്നേക്കും തള്ളിക്കളയുമോ?

ദൈവം ഇനി ഒരിക്കലും അനുകൂലമായിരിക്കുകയില്ലയോ?

8 കർത്താവിന്‍റെ ദയ സദാകാലത്തേക്കും മറഞ്ഞു പോയോ?

ദൈവത്തിന്‍റെ വാഗ്ദാനം തലമുറതലമുറയോളം നിലനില്‍ക്കാതെ പോയോ?

9 ദൈവം കൃപ കാണിക്കുവാൻ മറന്നിരിക്കുന്നുവോ?

അവിടുന്ന് കോപത്തിൽ തന്‍റെ കരുണ അടച്ചുകളഞ്ഞിരിക്കുന്നുവോ? സേലാ.

10 "എന്നാൽ അത് എന്‍റെ കഷ്ടതയാകുന്നു;

അത്യുന്നതന്‍റെ വലങ്കൈ വരുത്തിയ സംവത്സരങ്ങൾ തന്നെ" എന്നു ഞാൻ പറഞ്ഞു.

11 ഞാൻ യഹോവയുടെ പ്രവൃത്തികളെ വർണ്ണിക്കും;

പണ്ടേയുള്ള അങ്ങേയുടെ അത്ഭുതങ്ങളെ ഞാൻ ഓർക്കും.

12 ഞാൻ അങ്ങേയുടെ സകലപ്രവൃത്തികളെയും ധ്യാനിക്കും;

അങ്ങേയുടെ ക്രിയകളെക്കുറിച്ച് ഞാൻ ചിന്തിക്കും.

13 ദൈവമേ, അങ്ങേയുടെ വഴി വിശുദ്ധമാകുന്നു;

നമ്മുടെ ദൈവത്തെപ്പോലെ വലിയ ദൈവം ആരുള്ളു?

14 അങ്ങ് അത്ഭുതം പ്രവർത്തിക്കുന്ന ദൈവം ആകുന്നു;

അങ്ങേയുടെ ബലത്തെ അങ്ങ് ജനതകളുടെ ഇടയിൽ വെളിപ്പെടുത്തിയിരിക്കുന്നു.

15 തൃക്കൈകൊണ്ട് അങ്ങ് അങ്ങേയുടെ ജനത്തെ വീണ്ടെടുത്തിരിക്കുന്നു;

യാക്കോബിന്‍റെയും യോസേഫിന്‍റെയും മക്കളെ തന്നെ. സേലാ.

16 ദൈവമേ, സമുദ്രങ്ങള്‍ അങ്ങയെ കണ്ടു,

സമുദ്രങ്ങള്‍ അങ്ങയെ കണ്ടു ഭ്രമിച്ചു,

ആഴികളും വിറച്ചുപോയി.

17 മേഘങ്ങൾ വെള്ളം ചൊരിഞ്ഞു;

ആകാശം ഇടിനാദം മുഴക്കി;

അങ്ങേയുടെ അസ്ത്രങ്ങൾ പരക്കെ പറന്നു.

18 അങ്ങേയുടെ ഇടിമുഴക്കം ചുഴലിക്കാറ്റിൽ മുഴങ്ങി;

മിന്നലുകൾ ഭൂതലത്തെ പ്രകാശിപ്പിച്ചു;

ഭൂമി കുലുങ്ങി നടുങ്ങിപ്പോയി.

19 അങ്ങേയുടെ വഴി സമുദ്രത്തിലും അവിടുത്തെ പാതകൾ പെരുവെള്ളത്തിലും ആയിരുന്നു;

അങ്ങേയുടെ കാൽചുവടുകളെ അറിയാതെയുമിരുന്നു.

20 മോശെയുടെയും അഹരോന്‍റെയും കയ്യാൽ

അങ്ങ് അങ്ങേയുടെ ജനത്തെ ഒരു ആട്ടിൻകൂട്ടത്തെ പോലെ നടത്തി.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_06-50-08-