Publicidade

Salmos 119

യഹോവയുടെ ന്യായപ്രമാണത്തിന്‍റെ മഹത്വങ്ങൾ

ആലേഫ്.

1 യഹോവയുടെ ന്യായപ്രമാണം അനുസരിച്ച്

നടപ്പിൽ നിഷ്കളങ്കരായവർ ഭാഗ്യവാന്മാർ.

2 അവിടുത്തെ സാക്ഷ്യങ്ങൾ പ്രമാണിച്ച്

പൂർണ്ണഹൃദയത്തോടെ അവിടുത്തെ അന്വേഷിക്കുന്നവർ ഭാഗ്യവാന്മാർ.

3 അവർ നീതികേട് പ്രവർത്തിക്കാതെ

കർത്താവിന്‍റെ വഴികളിൽ തന്നെ നടക്കുന്നു.

4 അങ്ങേയുടെ പ്രമാണങ്ങൾ കൃത്യമായി ആചരിക്കേണ്ടതിന്

അങ്ങ് അവ കല്പിച്ചുതന്നിരിക്കുന്നു.

5 അങ്ങേയുടെ ചട്ടങ്ങൾ ആചരിക്കേണ്ടതിന്

എന്‍റെ നടപ്പ് സ്ഥിരതയുള്ളതായെങ്കിൽ കൊള്ളാമായിരുന്നു.

6 അങ്ങേയുടെ സകല കല്പനകളും ശ്രദ്ധിക്കുന്ന കാലത്തോളം

ഞാൻ ലജ്ജിച്ചു പോകുകയില്ല.

7 അങ്ങേയുടെ നീതിയുള്ള വിധികൾ പഠിച്ചിട്ട്

ഞാൻ പരമാർത്ഥ ഹൃദയത്തോടെ അങ്ങേക്കു സ്തോത്രം ചെയ്യും.

8 ഞാൻ അങ്ങേയുടെ ചട്ടങ്ങൾ ആചരിക്കും;

എന്നെ അശേഷം ഉപേക്ഷിക്കരുതേ.

ബേത്ത്.

9 ഒരു ബാലൻ തന്‍റെ നടപ്പ് നിർമ്മലമായി സൂക്ഷിക്കുന്നത് എങ്ങനെ?

അങ്ങേയുടെ വചനപ്രകാരം തന്‍റെ നടപ്പ് ശ്രദ്ധിക്കുന്നതിനാൽ തന്നെ.

10 ഞാൻ പൂർണ്ണഹൃദയത്തോടെ അങ്ങയെ അന്വേഷിക്കുന്നു;

അങ്ങേയുടെ കല്പനകൾ വിട്ടുനടക്കുവാൻ എനിക്ക് ഇടവരരുതേ.

11 ഞാൻ അങ്ങേയോട് പാപം ചെയ്യാതിരിക്കേണ്ടതിന്

അങ്ങേയുടെ വചനം എന്‍റെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു.

12 യഹോവേ, അവിടുന്ന് വാഴ്ത്തപ്പെട്ടവൻ;

അങ്ങേയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരേണമേ.

13 ഞാൻ എന്‍റെ അധരങ്ങൾ കൊണ്ടു

അങ്ങേയുടെ വായിൽനിന്നുള്ള വിധികളെ ഒക്കെയും വർണ്ണിക്കുന്നു.

14 ഞാൻ സർവ്വസമ്പത്തിലും എന്നപോലെ

അങ്ങേയുടെ സാക്ഷ്യങ്ങളുടെ വഴിയിൽ ആനന്ദിക്കുന്നു.

15 ഞാൻ അങ്ങേയുടെ പ്രമാണങ്ങൾ ധ്യാനിക്കുകയും

അങ്ങേയുടെ വഴികളെ ശ്രദ്ധിച്ചുനോക്കുകയും ചെയ്യുന്നു.

16 ഞാൻ അങ്ങേയുടെ ചട്ടങ്ങളിൽ പ്രമോദിക്കും;

അങ്ങേയുടെ വചനം മറക്കുകയുമില്ല.

ഗീമെൽ.

17 ജീവിച്ചിരുന്ന് അങ്ങേയുടെ വചനം പ്രമാണിക്കേണ്ടതിന്

അടിയന് നന്മ ചെയ്യേണമേ.

18 അങ്ങേയുടെ ന്യായപ്രമാണത്തിലെ അത്ഭുതകാര്യങ്ങൾ കാണേണ്ടതിന്

എന്‍റെ കണ്ണുകളെ തുറക്കേണമേ.

19 ഞാൻ ഭൂമിയിൽ പരദേശിയാകുന്നു;

അങ്ങേയുടെ കല്പനകൾ എനിക്ക് മറച്ചുവയ്ക്കരുതേ.

20 അങ്ങേയുടെ വിധികൾക്കുവേണ്ടിയുള്ള നിരന്തരവാഞ്ഛകൊണ്ട്

എന്‍റെ മനസ്സു തകർന്നിരിക്കുന്നു.

21 അങ്ങേയുടെ കല്പനകൾ വിട്ട് തെറ്റി നടക്കുന്നവരായ

ശപിക്കപ്പെട്ട അഹങ്കാരികളെ നീ ഭത്സിക്കുന്നു.

22 നിന്ദയും അപമാനവും എന്നോട് അകറ്റേണമേ;

ഞാൻ അങ്ങേയുടെ സാക്ഷ്യങ്ങൾ പ്രമാണിക്കുന്നു.

23 അധികാരികളും കൂടിയിരുന്ന് എനിക്ക് വിരോധമായി സംസാരിക്കുന്നു;

എങ്കിലും അടിയൻ അങ്ങേയുടെ ചട്ടങ്ങളെ ധ്യാനിക്കുന്നു.

24 അങ്ങേയുടെ സാക്ഷ്യങ്ങൾ എന്‍റെ പ്രമോദവും

എന്‍റെ ആലോചനക്കാരും ആകുന്നു.

ദാലെത്ത്.

25 എന്‍റെ പ്രാണൻ പൊടിയോടു പറ്റിയിരിക്കുന്നു;

തിരുവചനപ്രകാരം എന്നെ ജീവിപ്പിക്കേണമേ.

26 എന്‍റെ വഴികളെ ഞാൻ വിവരിച്ചപ്പോൾ അങ്ങ് എനിക്ക് ഉത്തരമരുളി;

അങ്ങേയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരേണമേ.

27 അങ്ങേയുടെ പ്രമാണങ്ങളുടെ വഴി എന്നെ ഗ്രഹിപ്പിക്കേണമേ;

എന്നാൽ ഞാൻ അങ്ങേയുടെ അത്ഭുത ഉപദേശങ്ങളെ ധ്യാനിക്കും.

28 എന്‍റെ പ്രാണൻ വിഷാദംകൊണ്ട് ഉരുകുന്നു;

അങ്ങേയുടെ വചനപ്രകാരം എന്നെ ശക്തീകരിക്കേണമേ.

29 ഭോഷ്കിന്‍റെ വഴി എന്നോട് അകറ്റേണമേ;

അങ്ങേയുടെ ന്യായപ്രമാണം എനിക്ക് കൃപയോടെ നല്കേണമേ.

30 വിശ്വസ്തതയുടെ മാർഗ്ഗം ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു;

അങ്ങേയുടെ വിധികൾ എന്‍റെ മുമ്പിൽ വച്ചിരിക്കുന്നു.

31 ഞാൻ അങ്ങേയുടെ സാക്ഷ്യങ്ങളോടു പറ്റിയിരിക്കുന്നു;

യഹോവേ, എന്നെ ലജ്ജിപ്പിക്കരുതേ.

32 അങ്ങ് എന്‍റെ ഹൃദയത്തെ വിശാലമാക്കുമ്പോൾ

ഞാൻ അങ്ങേയുടെ കല്പനകളുടെ വഴിയിൽ ഓടും.

ഹേ.

33 യഹോവേ, അങ്ങേയുടെ ചട്ടങ്ങളുടെ വഴി എന്നെ ഉപദേശിക്കേണമേ;

ഞാൻ അത് അവസാനത്തോളം പ്രമാണിക്കും.

34 ഞാൻ അങ്ങേയുടെ ന്യായപ്രമാണം കാക്കേണ്ടതിനും

അത് പൂർണ്ണഹൃദയത്തോടെ പ്രമാണിക്കേണ്ടതിനും എനിക്ക് ബുദ്ധി നല്കേണമേ.

35 അങ്ങേയുടെ കല്പനകളുടെ പാതയിൽ എന്നെ നടത്തേണമേ;

ഞാൻ അത് ഇഷ്ടപ്പെടുന്നുവല്ലോ.

36 ദുരാദായത്തിലേക്കല്ല, അങ്ങേയുടെ സാക്ഷ്യങ്ങളിലേക്കു തന്നെ

എന്‍റെ ഹൃദയം ചായുമാറാക്കേണമേ.

37 വ്യാജത്തിലേക്കു നോക്കാതെ എന്‍റെ കണ്ണുകൾ തിരിച്ച്

അങ്ങേയുടെ വഴികളിൽ എന്നെ ജീവിപ്പിക്കേണമേ.

38 അങ്ങയോടുള്ള ഭക്തി വർദ്ധിപ്പിക്കുന്ന

അങ്ങേയുടെ വചനം അടിയന് ഉറപ്പിച്ചുതരേണമേ.

39 ഞാൻ പേടിക്കുന്ന നിന്ദ എന്നോട് അകറ്റിക്കളേയണമേ;

അങ്ങേയുടെ വിധികൾ നല്ലവയല്ലയോ?

40 ഇതാ, ഞാൻ അങ്ങേയുടെ പ്രമാണങ്ങളെ വാഞ്ഛിക്കുന്നു;

അങ്ങേയുടെ നീതിയാൽ എന്നെ ജീവിപ്പിക്കേണമേ.

വൗ.

41 യഹോവേ, അങ്ങേയുടെ വചനപ്രകാരം അങ്ങേയുടെ ദയയും

അങ്ങേയുടെ രക്ഷയും എന്നിലേക്ക് വരുമാറാകട്ടെ.

42 ഞാൻ അങ്ങേയുടെ വചനത്തിൽ ആശ്രയിക്കുന്നതുകൊണ്ട്

എന്നെ നിന്ദിക്കുന്നവനോട് ഉത്തരം പറയുവാൻ ഞാൻ പ്രാപ്തനാകും.

43 ഞാൻ അങ്ങേയുടെ വിധികൾക്കായി കാത്തിരിക്കുകയാൽ

സത്യത്തിന്‍റെ വചനം എന്‍റെ വായിൽനിന്ന് നീക്കിക്കളയരുതേ.

44 അങ്ങനെ ഞാൻ അങ്ങേയുടെ ന്യായപ്രമാണം

ഇടവിടാതെ എന്നേക്കും പ്രമാണിക്കും.

45 അങ്ങേയുടെ പ്രമാണങ്ങൾ ആരായുന്നതുകൊണ്ട്

ഞാൻ വിശാലതയിൽ നടക്കും.

46 ഞാൻ ലജ്ജിക്കാതെ രാജാക്കന്മാരുടെ മുമ്പിലും

അങ്ങേയുടെ സാക്ഷ്യങ്ങളെക്കുറിച്ചു സംസാരിക്കും.

47 ഞാൻ അങ്ങേയുടെ കല്പനകളിൽ പ്രമോദിക്കുന്നു;

അവ എനിക്ക് പ്രിയമായിരിക്കുന്നു.

48 എനിക്ക് പ്രിയമായിരിക്കുന്ന അങ്ങേയുടെ കല്പനകളിലേക്ക് ഞാൻ കൈകൾ ഉയർത്തുന്നു;

അങ്ങേയുടെ ചട്ടങ്ങൾ ഞാൻ ധ്യാനിക്കുന്നു.

സയിൻ.

49 എനിക്ക് പ്രത്യാശ നൽകുവാൻ കാരണമായ

അടിയനോടുള്ള അങ്ങേയുടെ വചനത്തെ ഓർക്കേണമേ.

50 അങ്ങേയുടെ വചനം എന്നെ ജീവിപ്പിച്ചിരിക്കുന്നത്

എന്‍റെ കഷ്ടതയിൽ എനിക്ക് ആശ്വാസമാകുന്നു.

51 അഹങ്കാരികൾ എന്നെ അത്യന്തം പരിഹസിച്ചു;

എന്നാൽ ഞാൻ അങ്ങേയുടെ ന്യായപ്രമാണം വിട്ടുമാറിയിട്ടില്ല.

52 യഹോവേ, പുരാതനമായ അങ്ങേയുടെ വിധികൾ ഓർത്തു

ഞാൻ എന്നെത്തന്നെ ആശ്വസിപ്പിക്കുന്നു.

53 അങ്ങേയുടെ ന്യായപ്രമാണം ഉപേക്ഷിക്കുന്ന ദുഷ്ടന്മാർനിമിത്തം

എനിക്ക് ഉഗ്രകോപം പിടിച്ചിരിക്കുന്നു.

54 ഞാൻ പരദേശിയായി പാർക്കുന്ന വീട്ടിൽ

അങ്ങേയുടെ ചട്ടങ്ങൾ എന്‍റെ കീർത്തനം ആകുന്നു.

55 യഹോവേ, രാത്രിയിൽ ഞാൻ തിരുനാമം ഓർക്കുന്നു;

അങ്ങേയുടെ ന്യായപ്രമാണം ഞാൻ ആചരിക്കുന്നു.

56 അങ്ങേയുടെ പ്രമാണങ്ങൾ അനുസരിക്കുന്നത്

എനിക്ക് അനുഗ്രഹമായിരിക്കുന്നു.

ഹേത്ത്.

57 യഹോവേ, അങ്ങ് എന്‍റെ ഓഹരിയാകുന്നു;

ഞാൻ അങ്ങേയുടെ വചനങ്ങൾ പ്രമാണിക്കും എന്നു ഞാൻ പറഞ്ഞു.

58 പൂർണ്ണഹൃദയത്തോടെ ഞാൻ അങ്ങേയുടെ കൃപയ്ക്കായി അപേക്ഷിക്കുന്നു;

അങ്ങേയുടെ വാഗ്ദാനപ്രകാരം എന്നോട് കൃപയുണ്ടാകേണമേ.

59 ഞാൻ എന്‍റെ വഴികളെക്കുറിച്ച് ചിന്തിച്ച്,

എന്‍റെ കാലുകൾ അങ്ങേയുടെ സാക്ഷ്യങ്ങളിലേക്കു തിരിക്കുന്നു.

60 അങ്ങേയുടെ കല്പനകൾ പ്രമാണിക്കുവാൻ

ഞാൻ ഒട്ടും വൈകാതെ ബദ്ധപ്പെടുന്നു;

61 ദുഷ്ടന്മാരുടെ കയറുകൾ എന്നെ ചുറ്റിയിരിക്കുന്നു;

എങ്കിലും ഞാൻ അങ്ങേയുടെ ന്യായപ്രമാണം മറക്കുന്നില്ല.

62 അങ്ങേയുടെ നീതിയുള്ള ന്യായവിധികൾനിമിത്തം

അങ്ങേക്കു സ്തോത്രം ചെയ്യുവാൻ ഞാൻ അർദ്ധരാത്രിയിൽ എഴുന്നേല്‍ക്കും.

63 അങ്ങയെ ഭയപ്പെടുകയും അങ്ങേയുടെ പ്രമാണങ്ങൾ അനുസരിക്കുകയും

ചെയ്യുന്ന എല്ലാവർക്കും ഞാൻ സ്നേഹിതനാകുന്നു.

64 യഹോവേ, ഭൂമി അങ്ങേയുടെ ദയകൊണ്ടു നിറഞ്ഞിരിക്കുന്നു;

അങ്ങേയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരേണമേ.

തേത്ത്.

65 യഹോവേ, തിരുവചനപ്രകാരം

അങ്ങ് അടിയന് നന്മ ചെയ്തിരിക്കുന്നു.

66 അങ്ങേയുടെ കല്പനകൾ ഞാൻ വിശ്വസിച്ചിരിക്കുകയാൽ

എനിക്ക് നല്ലബുദ്ധിയും പരിജ്ഞാനവും ഉപദേശിച്ചു തരേണമേ.

67 കഷ്ടതയിൽ ആകുന്നതിനു മുമ്പ് ഞാൻ തെറ്റിപ്പോയി;

ഇപ്പോൾ ഞാൻ അങ്ങേയുടെ വചനം പ്രമാണിക്കുന്നു.

68 അങ്ങ് നല്ലവനും നന്മ ചെയ്യുന്നവനും ആകുന്നു;

അങ്ങേയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരേണമേ.

69 അഹങ്കാരികൾ എന്നെക്കുറിച്ച് നുണ പറഞ്ഞുണ്ടാക്കി;

ഞാൻ പൂർണ്ണഹൃദയത്തോടെ അങ്ങേയുടെ പ്രമാണങ്ങൾ അനുസരിക്കും.

70 അവരുടെ ഹൃദയത്തില്‍ സത്യം ഇല്ല;

ഞാൻ അങ്ങേയുടെ ന്യായപ്രമാണത്തിൽ രസിക്കുന്നു.

71 അങ്ങേയുടെ ചട്ടങ്ങൾ പഠിക്കുവാൻ തക്കവണ്ണം

ഞാൻ കഷ്ടതയിൽ ആയിരുന്നത് എനിക്ക് ഗുണമായി.

72 ആയിരം ആയിരം പൊൻവെള്ളി നാണ്യങ്ങളെക്കാൾ

അങ്ങേയുടെ വായിൽനിന്നുള്ള ന്യായപ്രമാണം എനിക്കുത്തമം.

യോദ്.

73 തൃക്കൈകൾ എന്നെ സൃഷ്ടിക്കുകയും രൂപപ്പെടുത്തുകയും ചെയ്തിരിക്കുന്നു;

അങ്ങേയുടെ കല്പനകൾ പഠിക്കുവാൻ എനിക്ക് ബുദ്ധി നല്കേണമേ.

74 തിരുവചനത്തിൽ ഞാൻ പ്രത്യാശ വച്ചിരിക്കുകയാൽ

അങ്ങേയുടെ ഭക്തന്മാർ എന്നെ കണ്ടു സന്തോഷിക്കുന്നു.

75 യഹോവേ, അങ്ങേയുടെ വിധികൾ നീതിയുള്ളവയെന്നും

വിശ്വസ്തതയോടെ അങ്ങ് എന്നെ താഴ്ത്തിയിരിക്കുന്നു എന്നും ഞാൻ അറിയുന്നു.

76 അടിയനോടുള്ള അങ്ങേയുടെ വാഗ്ദാനപ്രകാരം

അങ്ങേയുടെ ദയ എന്നെ ആശ്വസിപ്പിക്കട്ടെ.

77 ഞാൻ ജീവിച്ചിരിക്കേണ്ടതിന് എന്നോട് കരുണ തോന്നേണമേ;

അങ്ങേയുടെ ന്യായപ്രമാണത്തിൽ ഞാൻ പ്രമോദിക്കുന്നു.

78 കാരണംകൂടാതെ എന്നെ വെറുതെ ഉപദ്രവിക്കുന്ന അഹങ്കാരികൾ ലജ്ജിച്ചുപോകട്ടെ;

ഞാൻ അങ്ങേയുടെ കല്പനകൾ ധ്യാനിക്കുന്നു.

79 അങ്ങേയുടെ ഭക്തന്മാരും അങ്ങേയുടെ സാക്ഷ്യങ്ങൾ അറിയുന്നവരും

എന്‍റെ അടുക്കൽ വരട്ടെ.

80 ഞാൻ ലജ്ജിച്ചു പോകാതിരിക്കേണ്ടതിന്

എന്‍റെ ഹൃദയം അങ്ങേയുടെ ചട്ടങ്ങളിൽ നിഷ്കളങ്കമായിരിക്കട്ടെ.

കഫ്.

81 ഞാൻ അങ്ങേയുടെ രക്ഷക്കായി കാത്തിരുന്ന് തളർന്നുപോകുന്നു;

അങ്ങേയുടെ വാഗ്ദാനം ഞാൻ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു.

82 എപ്പോൾ അങ്ങ് എന്നെ ആശ്വസിപ്പിക്കും എന്നു ചിന്തിച്ച്

എന്‍റെ കണ്ണ് അങ്ങേയുടെ വാഗ്ദാനം കാത്തിരുന്ന് ക്ഷീണിക്കുന്നു.

83 ഞാൻ പുകയത്തു വച്ച തോൽതുരുത്തിപോലെ ആകുന്നു.

എങ്കിലും അങ്ങേയുടെ ചട്ടങ്ങൾ മറക്കുന്നില്ല.

84 അടിയന്‍റെ ജീവകാലം എത്ര നാൾ?

എന്നെ ഉപദ്രവിക്കുന്നവരുടെമേൽ അങ്ങ് എപ്പോൾ ന്യായവിധി നടത്തും?

85 അങ്ങേയുടെ ന്യായപ്രമാണം അനുസരിക്കാത്ത

അഹങ്കാരികൾ എനിക്കായി കുഴി കുഴിച്ചിരിക്കുന്നു.

86 അങ്ങേയുടെ കല്പനകളെല്ലം വിശ്വാസ്യമാകുന്നു;

അവർ എന്നെ വെറുതെ ഉപദ്രവിക്കുന്നു;

എന്നെ സഹായിക്കേണമേ.

87 അവർ ഭൂമിയിൽ എന്നെ മിക്കവാറും ഇല്ലാതെയാക്കിയിരിക്കുന്നു;

അങ്ങേയുടെ പ്രമാണങ്ങൾ ഞാൻ ഉപേക്ഷിച്ചില്ലതാനും.

88 അങ്ങേയുടെ ദയയ്ക്കു തക്കവണ്ണം എന്നെ സംരക്ഷിക്കേണമേ;

ഞാൻ അങ്ങേയുടെ വായിൽനിന്നുള്ള സാക്ഷ്യങ്ങൾ പ്രമാണിക്കും.

ലാമെദ്.

89 യഹോവേ, അങ്ങേയുടെ വചനം

സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്നു.

90 അങ്ങേയുടെ വിശ്വസ്തത തലമുറതലമുറയോളം ഇരിക്കുന്നു;

അങ്ങ് ഭൂമിയെ സ്ഥാപിച്ചു, അത് നിലനില്ക്കുന്നു.

91 അവ ഇന്നുവരെ അങ്ങേയുടെ നിയമപ്രകാരം നിലനില്ക്കുന്നു;

സർവ്വസൃഷ്ടികളും അങ്ങേയുടെ ദാസന്മാരല്ലോ.

92 അങ്ങേയുടെ ന്യായപ്രമാണം എന്‍റെ പ്രമോദം ആയിരുന്നില്ലെങ്കിൽ

ഞാൻ എന്‍റെ കഷ്ടതയിൽ നശിച്ചുപോകുമായിരുന്നു.

93 ഞാൻ ഒരുനാളും അങ്ങേയുടെ പ്രമാണങ്ങൾ മറക്കുകയില്ല;

അവയാൽ അങ്ങ് എന്നെ ജീവിപ്പിച്ചിരിക്കുന്നു.

94 ഞാൻ അങ്ങേക്കുള്ളവനത്രെ; എന്നെ രക്ഷിക്കേണമേ;

ഞാൻ അങ്ങേയുടെ പ്രമാണങ്ങൾ അന്വേഷിക്കുന്നു.

95 ദുഷ്ടന്മാർ എന്നെ നശിപ്പിക്കുവാൻ കാത്തിരുന്നു;

എന്നാൽ ഞാൻ നിന്‍റെ സാക്ഷ്യങ്ങൾ ചിന്തിച്ചുകൊള്ളും.

96 സകല പൂർണ്ണതയ്ക്കും ഞാൻ ഒരു പര്യവസാനം കണ്ടിരിക്കുന്നു;

അങ്ങേയുടെ കല്പനയോ അതിരുകള്‍ ഇല്ലാത്തതായിരിക്കുന്നു.

മേം.

97 അങ്ങേയുടെ ന്യായപ്രമാണം എനിക്ക് എത്രയോ പ്രിയം;

ദിവസം മുഴുവനും അത് എന്‍റെ ധ്യാനമാകുന്നു.

98 അങ്ങേയുടെ കല്പനകൾ എന്നെ എന്‍റെ ശത്രുക്കളെക്കാൾ ബുദ്ധിമാനാക്കുന്നു;

അവ എപ്പോഴും എന്‍റെ പക്കൽ ഉണ്ട്.

99 അങ്ങേയുടെ സാക്ഷ്യങ്ങൾ എന്‍റെ ധ്യാനമായിരിക്കുകകൊണ്ട്

എന്‍റെ സകല ഗുരുക്കന്മാരെക്കാളും ഞാൻ വിവേകമുള്ളവനാകുന്നു.

100 അങ്ങേയുടെ പ്രമാണങ്ങൾ അനുസരിക്കുകയാൽ

ഞാൻ വൃദ്ധന്മാരിലും വിവേകമുള്ളവനാകുന്നു.

101 അങ്ങേയുടെ വചനം പ്രമാണിക്കേണ്ടതിന്

ഞാൻ സകല ദുർമാർഗ്ഗത്തിൽനിന്നും കാലുകളെ വിലക്കുന്നു.

102 അങ്ങ് എന്നെ ഉപദേശിച്ചിരിക്കുകയാൽ

ഞാൻ അങ്ങേയുടെ വിധികൾ വിട്ടുമാറിയിട്ടില്ല.

103 തിരുവചനം എന്‍റെ നാവിന് എത്ര മധുരം!

അവ എന്‍റെ വായ്ക്ക് തേനിലും നല്ലത്.

104 അങ്ങേയുടെ പ്രമാണങ്ങളാൽ ഞാൻ വിവേകമുള്ളവനാകുന്നു.

അതുകൊണ്ട് ഞാൻ സകലവ്യാജമാർഗ്ഗവും വെറുക്കുന്നു.

നൂൻ.

105 അങ്ങേയുടെ വചനം എന്‍റെ കാലിന് ദീപവും

എന്‍റെ പാതയ്ക്കു പ്രകാശവും ആകുന്നു.

106 അങ്ങേയുടെ നീതിയുള്ള വിധികൾ പ്രമാണിക്കുമെന്ന്

ഞാൻ സത്യംചെയ്തു; അത് ഞാൻ നിവർത്തിക്കും.

107 ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു;

യഹോവേ, അങ്ങേയുടെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ.

108 യഹോവേ, എന്‍റെ വായുടെ സ്വമേധാദാനങ്ങളിൽ പ്രസാദിക്കേണമേ;

അങ്ങേയുടെ വിധികൾ എനിക്ക് ഉപദേശിച്ചു തരേണമേ.

109 എന്‍റെ ജീവന്‍ എപ്പോഴും അപകടത്തില്‍ ആയിരിക്കുന്നു;

എങ്കിലും അങ്ങേയുടെ ന്യായപ്രമാണം ഞാൻ മറക്കുന്നില്ല.

110 ദുഷ്ടന്മാർ എനിക്ക് കെണി വച്ചിരിക്കുന്നു;

എങ്കിലും ഞാൻ അങ്ങേയുടെ പ്രമാണങ്ങൾ ഉപേക്ഷിക്കുന്നില്ല.

111 ഞാൻ അങ്ങേയുടെ സാക്ഷ്യങ്ങളെ എന്‍റെ ശാശ്വതാവകാശമാക്കിയിരിക്കുന്നു;

അവ എന്‍റെ ഹൃദയത്തിന്‍റെ ആനന്ദമാകുന്നു.

112 അങ്ങേയുടെ ചട്ടങ്ങളെ ഇടവിടാതെ എന്നേക്കും ആചരിക്കുവാൻ

ഞാൻ എന്‍റെ ഹൃദയം ചായിച്ചിരിക്കുന്നു.

സാമെക്.

113 ഇരുമനസ്സുള്ളവരെ ഞാൻ വെറുക്കുന്നു;

എന്നാൽ അങ്ങേയുടെ ന്യായപ്രമാണം എനിക്ക് പ്രിയമാകുന്നു.

114 അങ്ങ് എന്‍റെ മറവിടവും എന്‍റെ പരിചയും ആകുന്നു;

ഞാൻ തിരുവചനത്തിൽ പ്രത്യാശ വച്ചിരിക്കുന്നു.

115 എന്‍റെ ദൈവത്തിന്‍റെ കല്പനകൾ ഞാൻ പ്രമാണിക്കേണ്ടതിന്

ദുഷ്കർമ്മികളേ, എന്നെവിട്ടു പോകുവിൻ.

116 ഞാൻ ജീവിച്ചിരിക്കേണ്ടതിന് അങ്ങേയുടെ വചനപ്രകാരം എന്നെ താങ്ങേണമേ;

എന്‍റെ പ്രത്യാശയിൽ ഞാൻ ലജ്ജിച്ചുപോകരുതേ.

117 ഞാൻ രക്ഷപെടേണ്ടതിന് എന്നെ താങ്ങേണമേ;

അങ്ങേയുടെ ചട്ടങ്ങൾ ഞാൻ നിരന്തരം അനുസരിക്കും.

118 അങ്ങേയുടെ ചട്ടങ്ങൾ ഉപേക്ഷിക്കുന്ന സകലരേയും അങ്ങ് നിരസിക്കുന്നു;

അവരുടെ വഞ്ചന വ്യർത്ഥമാകുന്നു.

119 ഭൂമിയിലെ സകലദുഷ്ടന്മാരെയും അങ്ങ് മാലിന്യംപോലെ നീക്കിക്കളയുന്നു;

അതുകൊണ്ട് അങ്ങേയുടെ സാക്ഷ്യങ്ങൾ എനിക്ക് പ്രിയമാകുന്നു.

120 അങ്ങയെക്കുറിച്ചുള്ള ഭയം നിമിത്തം എന്‍റെ ദേഹം വിറയ്ക്കുന്നു;

അങ്ങേയുടെ വിധികൾനിമിത്തം ഞാൻ ഭയപ്പെടുന്നു.

അയിൻ.

121 ഞാൻ നീതിയും ന്യായവും പ്രവർത്തിക്കുന്നു;

എന്‍റെ പീഡകന്മാർക്ക് എന്നെ ഏല്പിച്ചുകൊടുക്കരുതേ.

122 അടിയന്‍റെ നന്മയ്ക്കുവേണ്ടി ഉത്തരവാദി ആയിരിക്കേണമേ;

അഹങ്കാരികൾ എന്നെ പീഡിപ്പിക്കരുതേ.

123 എന്‍റെ കണ്ണ് അങ്ങേയുടെ രക്ഷയെയും

അങ്ങേയുടെ നീതിയുടെ വചനത്തെയും കാത്തിരുന്ന് ക്ഷീണിക്കുന്നു.

124 അങ്ങേയുടെ ദയക്കു തക്കവണ്ണം അടിയനോടു പ്രവർത്തിച്ച്,

അങ്ങേയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരേണമേ.

125 ഞാൻ അങ്ങേയുടെ ദാസൻ ആകുന്നു;

അങ്ങേയുടെ സാക്ഷ്യങ്ങൾ ഗ്രഹിക്കുവാൻ എനിക്ക് ബുദ്ധി നല്കേണമേ.

126 യഹോവേ, ഇത് അങ്ങേക്കു പ്രവർത്തിക്കുവാനുള്ള സമയമാകുന്നു;

അവർ അങ്ങേയുടെ ന്യായപ്രമാണം ദുർബ്ബലമാക്കിയിരിക്കുന്നു.

127 അതുകൊണ്ട് അങ്ങേയുടെ കല്പനകൾ

എനിക്ക് പൊന്നിലും തങ്കത്തിലും അധികം പ്രിയമാകുന്നു.

128 അതുകൊണ്ട് അങ്ങേയുടെ സകലപ്രമാണങ്ങളും സത്യമെന്ന് കരുതി,

ഞാൻ സകലവ്യാജമാർഗ്ഗങ്ങളും വെറുക്കുന്നു.

പേ.

129 അങ്ങേയുടെ സാക്ഷ്യങ്ങൾ അതിശയകരമാകയാൽ

എന്‍റെ മനസ്സ് അവ പ്രമാണിക്കുന്നു.

130 അങ്ങേയുടെ വചനങ്ങളുടെ വികാശനം പ്രകാശം പ്രദാനം ചെയ്യുന്നു;

അത് അല്പബുദ്ധികളെ ബുദ്ധിമാന്മാരാക്കുന്നു.

131 അങ്ങേയുടെ കല്പനകൾക്കായി വാഞ്ഛിക്കുകയാൽ

ഞാൻ വായ് തുറന്ന് കിതയ്ക്കുന്നു.

132 തിരുനാമത്തെ സ്നേഹിക്കുന്നവർക്ക് അങ്ങ് ചെയ്യുന്നതുപോലെ

എങ്കലേക്ക് തിരിഞ്ഞ് എന്നോട് കൃപ ചെയ്യേണമേ.

133 എന്‍റെ കാലടികൾ അങ്ങേയുടെ വചനത്തിൽ സ്ഥിരമാക്കേണമേ;

യാതൊരു നീതികേടും എന്നെ ഭരിക്കരുതേ.

134 മനുഷ്യന്‍റെ പീഡനത്തിൽനിന്ന് എന്നെ വിടുവിക്കേണമേ;

എന്നാൽ ഞാൻ അങ്ങേയുടെ പ്രമാണങ്ങൾ അനുസരിക്കും.

135 അടിയന്‍റെമേൽ തിരുമുഖം പ്രകാശിപ്പിച്ച്

അങ്ങേയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരേണമേ.

136 അവർ അങ്ങേയുടെ ന്യായപ്രമാണം അനുസരിക്കാത്തതിനാൽ

എന്‍റെ കണ്ണിൽ നിന്ന് ജലനദികൾ ഒഴുകുന്നു.

സാദെ.

137 യഹോവേ, അങ്ങ് നീതിമാനാകുന്നു;

അങ്ങേയുടെ വിധികൾ നേരുള്ളവ തന്നെ.

138 അങ്ങ് നീതിയോടും അത്യന്തം വിശ്വസ്തതയോടും കൂടി

അങ്ങേയുടെ സാക്ഷ്യങ്ങളെ കല്പിച്ചിരിക്കുന്നു.

139 എന്‍റെ വൈരികൾ തിരുവചനങ്ങൾ മറക്കുന്നതുകൊണ്ട്

എന്‍റെ എരിവ് എന്നെ സംഹരിക്കുന്നു.

140 അങ്ങേയുടെ വചനം അത്യന്തം വിശുദ്ധമാകുന്നു;

അതുകൊണ്ട് അടിയന് അത് പ്രിയമാകുന്നു.

141 ഞാൻ എളിയവനും നിന്ദിതനും ആകുന്നു;

എങ്കിലും ഞാൻ അങ്ങേയുടെ പ്രമാണങ്ങൾ മറക്കുന്നില്ല.

142 അങ്ങേയുടെ നീതി ശാശ്വതനീതിയും

അങ്ങേയുടെ ന്യായപ്രമാണം സത്യവുമാകുന്നു.

143 കഷ്ടവും സങ്കടവും എന്നെ പിടിച്ചിരിക്കുന്നു;

എങ്കിലും അങ്ങേയുടെ കല്പനകൾ എന്‍റെ പ്രമോദമാകുന്നു.

144 അങ്ങേയുടെ സാക്ഷ്യങ്ങൾ എന്നേക്കും നീതിയുള്ളവ;

ഞാൻ ജീവിച്ചിരിക്കേണ്ടതിന് എനിക്ക് ബുദ്ധി നല്കേണമേ.

കോഫ്.

145 ഞാൻ പൂർണ്ണഹൃദയത്തോടെ വിളിച്ചപേക്ഷിക്കുന്നു; എനിക്ക് ഉത്തരം അരുളേണമേ;

യഹോവേ, ഞാൻ അങ്ങേയുടെ ചട്ടങ്ങൾ പ്രമാണിക്കും.

146 ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; എന്നെ രക്ഷിക്കേണമേ;

ഞാൻ അങ്ങേയുടെ സാക്ഷ്യങ്ങളെ പ്രമാണിക്കും.

147 ഞാൻ ഉദയത്തിനു മുമ്പ് എഴുന്നേറ്റ് പ്രാർത്ഥിക്കുന്നു;

അങ്ങേയുടെ വചനത്തിൽ ഞാൻ പ്രത്യാശവക്കുന്നു.

148 തിരുവചനം ധ്യാനിക്കേണ്ടതിന്

എന്‍റെ കണ്ണ് യാമങ്ങളെ നോക്കിക്കൊണ്ടിരിക്കുന്നു.

149 അങ്ങേയുടെ ദയയ്ക്കു തക്കവണ്ണം എന്‍റെ അപേക്ഷ കേൾക്കേണമേ;

യഹോവേ, അങ്ങേയുടെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കേണമേ.

150 ദുഷ്ടതയെ പിന്തുടരുന്നവർ സമീപിച്ചിരിക്കുന്നു;

അങ്ങേയുടെ ന്യായപ്രമാണത്തോട് അവർ അകന്നിരിക്കുന്നു.

151 യഹോവേ, അങ്ങ് സമീപസ്ഥനാകുന്നു;

അങ്ങേയുടെ കല്പനകൾ സകലവും സത്യം തന്നെ.

152 അങ്ങേയുടെ സാക്ഷ്യങ്ങൾ അങ്ങ് എന്നേക്കും സ്ഥാപിച്ചിരിക്കുന്നു

എന്നു ഞാൻ പണ്ടുതന്നെ അറിഞ്ഞിരിക്കുന്നു.

രേശ്.

153 എന്‍റെ അരിഷ്ടത കടാക്ഷിച്ച് എന്നെ വിടുവിക്കേണമേ;

ഞാൻ അങ്ങേയുടെ ന്യായപ്രമാണം മറക്കുന്നില്ല.

154 എന്‍റെ വ്യവഹാരം നടത്തി എന്നെ വീണ്ടെടുക്കേണമേ;

അങ്ങേയുടെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ.

155 രക്ഷ ദുഷ്ടന്മാരോട് അകന്നിരിക്കുന്നു;

അവർ അങ്ങേയുടെ ചട്ടങ്ങളെ അന്വേഷിക്കുന്നില്ലല്ലോ.

156 യഹോവേ, അങ്ങേയുടെ കരുണ വലിയതാകുന്നു;

അങ്ങേയുടെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കേണമേ.

157 എന്നെ ഉപദ്രവിക്കുന്നവരും എന്‍റെ വൈരികളും വളരെയാകുന്നു;

എങ്കിലും ഞാൻ അങ്ങേയുടെ സാക്ഷ്യങ്ങളെ വിട്ടുമാറുന്നില്ല.

158 ഞാൻ ദ്രോഹികളെ കണ്ടു വ്യസനിച്ചു;

അവർ അങ്ങേയുടെ വചനം പ്രമാണിക്കുന്നില്ലല്ലോ.

159 അങ്ങേയുടെ പ്രമാണങ്ങൾ എനിക്ക് എത്ര പ്രിയം എന്നു കണ്ടു,

യഹോവേ, അങ്ങേയുടെ ദയയ്ക്കു തക്കവണ്ണം എന്നെ ജീവിപ്പിക്കേണമേ.

160 അങ്ങേയുടെ വചനത്തിന്‍റെ സാരം സത്യം തന്നെ;

അങ്ങേയുടെ നീതിയുള്ള വിധികൾ എല്ലാം എന്നേക്കുമുള്ളവ.

ശീൻ.

161 അധികാരികള്‍ വെറുതെ എന്നെ ഉപദ്രവിക്കുന്നു;

എങ്കിലും അങ്ങേയുടെ വചനത്തെ എന്‍റെ ഹൃദയം ഭയപ്പെടുന്നു.

162 വലിയ കൊള്ള കണ്ടെത്തിയവനെപ്പോലെ

ഞാൻ അങ്ങേയുടെ വചനത്തിൽ ആനന്ദിക്കുന്നു.

163 ഞാൻ ഭോഷ്ക് വെറുത്ത് അറയ്ക്കുന്നു;

എന്നാൽ അങ്ങേയുടെ ന്യായപ്രമാണം എനിക്ക് പ്രിയമാകുന്നു.

164 അങ്ങേയുടെ നീതിയുള്ള വിധികൾനിമിത്തം

ഞാൻ ദിവസം ഏഴു പ്രാവശ്യം അങ്ങയെ സ്തുതിക്കുന്നു.

165 അങ്ങേയുടെ ന്യായപ്രമാണത്തോട് പ്രിയം ഉള്ളവർക്ക് മഹാസമാധാനം ഉണ്ട്;

അവർ ഒന്നിനാലും ഇടറിപ്പോകുകയില്ല.

166 യഹോവേ, ഞാൻ അങ്ങേയുടെ രക്ഷയിൽ പ്രത്യാശ വയ്ക്കുന്നു;

അങ്ങേയുടെ കല്പനകൾ ഞാൻ ആചരിക്കുന്നു.

167 എന്‍റെ മനസ്സ് അങ്ങേയുടെ സാക്ഷ്യങ്ങൾ പ്രമാണിക്കുന്നു;

അവ എനിക്ക് അത്യന്തം പ്രിയമാകുന്നു.

168 ഞാൻ അങ്ങേയുടെ പ്രമാണങ്ങളും സാക്ഷ്യങ്ങളും പ്രമാണിക്കുന്നു;

എന്‍റെ വഴികളെല്ലാം അങ്ങേയുടെ മുമ്പാകെ ഇരിക്കുന്നു.

തൗ.

169 യഹോവേ, എന്‍റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ;

അങ്ങേയുടെ വചനപ്രകാരം എനിക്ക് ബുദ്ധി നല്കേണമേ.

170 എന്‍റെ യാചന തിരുസന്നിധിയിൽ വരുമാറാകട്ടെ;

അങ്ങേയുടെ വാഗ്ദാനപ്രകാരം എന്നെ വിടുവിക്കേണമേ.

171 അങ്ങേയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചുതരുന്നതുകൊണ്ട്

എന്‍റെ അധരങ്ങൾ സ്തുതി പൊഴിക്കട്ടെ.

172 അങ്ങേയുടെ കല്പനകൾ എല്ലാം നീതിയായിരിക്കുകയാൽ

എന്‍റെ നാവ് അങ്ങേയുടെ വാഗ്ദാനത്തെക്കുറിച്ച് പാടട്ടെ.

173 അങ്ങേയുടെ കല്പനകളെ ഞാൻ തിരഞ്ഞെടുത്തിരിക്കുകയാൽ

അങ്ങേയുടെ കൈ എനിക്ക് തുണയായിരിക്കട്ടെ.

174 യഹോവേ, ഞാൻ അങ്ങേയുടെ രക്ഷക്കായി വാഞ്ഛിക്കുന്നു;

അങ്ങേയുടെ ന്യായപ്രമാണം എന്‍റെ പ്രമോദം ആകുന്നു.

175 അങ്ങയെ സ്തുതിക്കേണ്ടതിന് എന്‍റെ പ്രാണൻ ജീവിച്ചിരിക്കട്ടെ;

അങ്ങേയുടെ വിധികൾ എനിക്ക് തുണയായിരിക്കട്ടെ.

176 കാണാതെപോയ ആടുപോലെ ഞാൻ തെറ്റിപ്പോയിരിക്കുന്നു;

അടിയനെ അന്വേഷിക്കേണമേ; അങ്ങേയുടെ കല്പനകൾ ഞാൻ മറക്കുന്നില്ല.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_06-50-08-