Publicidade

Salmos 104

സ്രഷ്ടാവിനെ സ്തുതിപ്പിന്‍

1 എൻ മനമേ, യഹോവയെ വാഴ്ത്തുക;

എന്‍റെ ദൈവമായ യഹോവേ, അങ്ങ് ഏറ്റവും വലിയവൻ;

മഹത്വവും തേജസ്സും അങ്ങ് ധരിച്ചിരിക്കുന്നു;

2 വസ്ത്രം ധരിക്കുന്നതുപോലെ അങ്ങ് പ്രകാശം ധരിക്കുന്നു;

തിരശ്ശീലപോലെ അവിടുന്ന് ആകാശത്തെ വിരിക്കുന്നു.

3 ദൈവം തന്‍റെ മാളികകളുടെ തുലാങ്ങൾ വെള്ളത്തിന്മേൽ നിരത്തുന്നു;

മേഘങ്ങളെ തന്‍റെ തേരാക്കി, കാറ്റിൻ ചിറകിന്മേൽ സഞ്ചരിക്കുന്നു.

4 യഹോവ കാറ്റുകളെ തന്‍റെ ദൂതന്മാരും

അഗ്നിജ്വാലയെ തന്‍റെ ശുശ്രൂഷകന്മാരും ആക്കുന്നു.

5 അവിടുന്ന് ഭൂമി ഒരിക്കലും ഇളകിപ്പോകാതെ

അതിന്‍റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചിരിക്കുന്നു.

6 അങ്ങ് ഭൂമിയെ വസ്ത്രംകൊണ്ടെന്നപോലെ ആഴികൊണ്ടു മൂടി;

വെള്ളം പർവ്വതങ്ങൾക്കു മീതെ നിന്നിരുന്നു.

7 അവ അങ്ങേയുടെ ശാസനയാൽ ഓടിപ്പോയി;

അങ്ങേയുടെ ഇടിമുഴക്കത്താൽ അവ തിടുക്കത്തിൽ നീങ്ങിപ്പോയി

8 മലകൾ പൊങ്ങി, താഴ്വരകൾ താണു

അവിടുന്ന് അവയ്ക്കു നിശ്ചയിച്ച സ്ഥലത്തേക്ക് നീങ്ങിപ്പോയി;

9 ഭൂമിയെ മൂടിക്കളയുവാൻ മടങ്ങിവരാതിരിക്കേണ്ടതിന്

അങ്ങ് അവയ്ക്ക് ലംഘിക്കാൻ കഴിയാത്ത ഒരു അതിര്‍ ഇട്ടു.

10 ദൈവം ഉറവുകളെ താഴ്വരകളിലേക്ക് അയയ്ക്കുന്നു;

അവ മലകളുടെ ഇടയിൽകൂടി ഒഴുകുന്നു.

11 അവയിൽ നിന്ന് വയലിലെ സകലമൃഗങ്ങളും കുടിക്കുന്നു;

കാട്ടുകഴുതകൾ അവയുടെ ദാഹം തീർക്കുന്നു;

12 അവയുടെ തീരങ്ങളിൽ ആകാശത്തിലെ പറവകൾ വസിക്കുകയും

കൊമ്പുകളുടെ ഇടയിൽ പാടുകയും ചെയ്യുന്നു.

13 ദൈവം ആകാശത്തില്‍ നിന്ന് മലകളെ നനയ്ക്കുന്നു;

ഭൂമിക്ക് അങ്ങേയുടെ പ്രവൃത്തികളുടെ ഫലത്താൽ തൃപ്തിവരുന്നു.

14 അവിടുന്ന് മൃഗങ്ങൾക്ക് പുല്ലും

മനുഷ്യന്‍റെ ഉപയോഗത്തിനായി സസ്യവും മുളപ്പിക്കുന്നു;

15 ദൈവം ഭൂമിയിൽനിന്ന് ആഹാരവും

മനുഷ്യന്‍റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വീഞ്ഞും

അവന്‍റെ മുഖം മിനുക്കുവാൻ എണ്ണയും

മനുഷ്യന്‍റെ ഹൃദയത്തെ ബലപ്പെടുത്തുന്ന അപ്പവും ഉത്ഭവിപ്പിക്കുന്നു.

16 യഹോവയുടെ വൃക്ഷങ്ങൾക്ക് തൃപ്തിവരുന്നു;

കർത്താവ് നട്ടിട്ടുള്ള ലെബാനോനിലെ ദേവദാരുക്കൾക്കു തന്നെ.

17 അവിടെ പക്ഷികൾ കൂടുണ്ടാക്കുന്നു;

പെരുഞാറയ്ക്ക് സരളവൃക്ഷങ്ങൾ പാർപ്പിടമാകുന്നു.

18 ഉയർന്നമലകൾ കാട്ടാടുകൾക്കും

പാറകൾ കുഴിമുയലുകൾക്കും സങ്കേതമാകുന്നു.

19 കർത്താവ് കാലനിർണ്ണയത്തിനായി ചന്ദ്രനെ നിയമിച്ചു;

സൂര്യൻ തന്‍റെ അസ്തമയം അറിയുന്നു.

20 അങ്ങ് ഇരുട്ട് വരുത്തുന്നു; രാത്രി ഉണ്ടാകുന്നു;

അപ്പോൾ കാട്ടുമൃഗങ്ങൾ എല്ലാം സഞ്ചാരം തുടങ്ങുന്നു.

21 ബാലസിംഹങ്ങൾ ഇരയ്ക്കായി അലറുന്നു;

അവ ദൈവത്തോട് അവയുടെ ആഹാരം ചോദിക്കുന്നു.

22 സൂര്യൻ ഉദിക്കുമ്പോൾ അവ മടങ്ങുന്നു;

അവയുടെ ഗുഹകളിൽ ചെന്നു കിടക്കുന്നു.

23 മനുഷ്യൻ തന്‍റെ പണിക്കായി പുറപ്പെടുന്നു;

സന്ധ്യവരെയുള്ള തന്‍റെ വേലയ്ക്കായി തന്നെ.

24 യഹോവേ, അങ്ങേയുടെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു!

ജ്ഞാനത്തോടെ അങ്ങ് അവയെല്ലാം ഉണ്ടാക്കിയിരിക്കുന്നു;

ഭൂമി അങ്ങേയുടെ സൃഷ്ടികളാൽ നിറഞ്ഞിരിക്കുന്നു.

25 വലിപ്പവും വിസ്താരവും ഉള്ള സമുദ്രം അതാ കിടക്കുന്നു!

അതിൽ സഞ്ചരിക്കുന്ന ചെറിയതും വലിയതുമായ അസംഖ്യജന്തുക്കൾ ഉണ്ട്.

26 അതിൽ കപ്പലുകൾ ഓടുന്നു;

അതിൽ കളിക്കുവാൻ അങ്ങ് ഉണ്ടാക്കിയ ലിവ്യാഥാൻ ഉണ്ട്.

27 തക്കസമയത്ത് ഭക്ഷണം കിട്ടേണ്ടതിന്

ഇവ എല്ലാം അങ്ങയെ കാത്തിരിക്കുന്നു.

28 അങ്ങ് കൊടുക്കുന്നത് അവ പെറുക്കുന്നു

തൃക്കൈ തുറക്കുമ്പോൾ

അവയ്ക്ക് നന്മകൊണ്ട് തൃപ്തിവരുന്നു.

29 തിരുമുഖം മറയ്ക്കുമ്പോൾ അവ ഭ്രമിച്ചുപോകുന്നു;

അങ്ങ് അവയുടെ ശ്വാസം എടുക്കുമ്പോൾ

അവ ചത്ത് പൊടിയിലേക്ക് തിരികെ ചേരുന്നു;

30 അങ്ങ് അങ്ങേയുടെ ശ്വാസം അയയ്ക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു;

അങ്ങ് ഭൂമിയുടെ മുഖം പുതുക്കുന്നു.

31 യഹോവയുടെ മഹത്വം എന്നേക്കും നിലനില്‍ക്കട്ടെ;

യഹോവ തന്‍റെ പ്രവൃത്തികളിൽ സന്തോഷിക്കട്ടെ.

32 കർത്താവ് ഭൂമിയെ നോക്കുന്നു, അത് വിറയ്ക്കുന്നു;

അവിടുന്ന് മലകളെ തൊടുന്നു, അവ പുകയുന്നു.

33 എന്‍റെ ആയുഷ്ക്കാലമൊക്കെയും ഞാൻ യഹോവയ്ക്കു പാടും;

ഞാൻ ഉള്ള കാലത്തോളം എന്‍റെ ദൈവത്തിന് കീർത്തനം പാടും.

34 എന്‍റെ ധ്യാനം അവിടുത്തേയ്ക്ക് പ്രസാദകരമായിരിക്കട്ടെ;

ഞാൻ യഹോവയിൽ സന്തോഷിക്കും.

35 പാപികൾ ഭൂമിയിൽനിന്ന് നശിച്ചുപോകട്ടെ;

ദുഷ്ടന്മാർ ഇല്ലാതെയാകട്ടെ;

എൻ മനമേ, യഹോവയെ വാഴ്ത്തുക;

യഹോവയെ സ്തുതിക്കുവിൻ.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-