Publicidade

Salmos 99

ബലവാനായ രാജാവ്

1 യഹോവ വാഴുന്നു; ജനതകൾ വിറയ്ക്കട്ടെ;

അവിടുന്ന് കെരൂബുകളുടെ മീതെ വസിക്കുന്നു; ഭൂമി കുലുങ്ങട്ടെ.

2 യഹോവ സീയോനിൽ വലിയവനും

സകലജനതകൾക്കും മീതെ ഉന്നതനും ആകുന്നു.

3 "ദൈവം പരിശുദ്ധൻ" എന്നിങ്ങനെ

അവർ അങ്ങേയുടെ മഹത്തും ഭയങ്കരവുമായ നാമത്തെ സ്തുതിക്കട്ടെ.

4 ബലവാനായ രാജാവ് ന്യായത്തെ ഇഷ്ടപ്പെടുന്നു

അങ്ങ് നീതിയെ സ്ഥിരപ്പെടുത്തിയിരിക്കുന്നു;

അങ്ങ് യാക്കോബിൽ നീതിയും ന്യായവും നടത്തിയിരിക്കുന്നു.

5 നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ;

അവിടുത്തെ പാദപീഠത്തിങ്കൽ നമസ്കരിക്കുവിൻ;

അവിടുന്ന് പരിശുദ്ധൻ ആകുന്നു.

6 മോശെയും അഹരോനും കർത്താവിന്‍റെ പുരോഹിതന്മാരായിരുന്നു,

കർത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കുന്നവരിൽ ശമൂവേലും ഉണ്ടായിരുന്നു.

ഇവർ യഹോവയോട് അപേക്ഷിച്ചു; അവിടുന്ന് അവർക്ക് ഉത്തരമരുളി.

7 മേഘസ്തംഭത്തിൽ നിന്ന് അവിടുന്ന് അവരോട് സംസാരിച്ചു;

അവർ ദൈവത്തിന്‍റെ സാക്ഷ്യങ്ങളും അവിടുന്ന് കൊടുത്ത ചട്ടവും പ്രമാണിച്ചു.

8 ഞങ്ങളുടെ ദൈവമായ യഹോവേ, അവിടുന്ന് അവർക്കുത്തരമരുളി;

അങ്ങ് അവരോട് ക്ഷമ കാണിക്കുന്ന ദൈവം എങ്കിലും

അവരുടെ പ്രവൃത്തികൾക്ക് തക്കവണ്ണം ന്യായം വിധിക്കുന്നവനും ആയിരുന്നു.

9 നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ;

അവിടുത്തെ വിശുദ്ധപർവ്വതത്തിൽ നമസ്കരിക്കുവിൻ;

നമ്മുടെ ദൈവമായ യഹോവ പരിശുദ്ധനല്ലയോ?.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_06-50-08-