Publicidade

Salmos 50

യഥാര്‍ത്ഥമായ ആരാധന
ആസാഫിന്‍റെ ഒരു സങ്കീർത്തനം.

1 സർവ്വശക്തനായ ദൈവം, യഹോവയായ ദൈവം തന്നെ, തന്‍റെ വാക്കിനാൽ,

സൂര്യന്‍റെ ഉദയംമുതൽ അസ്തമയംവരെ ഭൂമിയെ വിളിക്കുന്നു.

2 സൗന്ദര്യത്തിന്‍റെ പൂർണ്ണതയായ

സീയോനിൽനിന്നു ദൈവം പ്രകാശിക്കുന്നു.

3 നമ്മുടെ ദൈവം വരുന്നു; നിശ്ശബ്ദനായിരിക്കുകയില്ല;

ദൈവത്തിന്‍റെ മുമ്പിൽ തീ ദഹിപ്പിക്കുന്നു;

അവിടുത്തെ ചുറ്റും വലിയ കൊടുങ്കാറ്റടിക്കുന്നു.

4 തന്‍റെ ജനത്തെ ന്യായം വിധിക്കേണ്ടതിന്

കർത്താവ് ഉയരത്തിൽനിന്ന് ആകാശത്തെയും ഭൂമിയെയും വിളിക്കുന്നു.

5 യാഗം കഴിച്ച് എന്നോട് ഉടമ്പടി ചെയ്തവരായ

എന്‍റെ വിശുദ്ധന്മാരെ എന്‍റെ അടുക്കൽ കൂട്ടുവിൻ.

6 ദൈവം തന്നെ ന്യായാധിപതി ആയിരിക്കുകയാൽ

ആകാശം അവിടുത്തെ നീതിയെ ഘോഷിക്കും. സേലാ.

7 എന്‍റെ ജനമേ, കേൾക്കുക; ഞാൻ സംസാരിക്കും.

യിസ്രായേലേ, ഞാൻ നിങ്ങൾക്കെതിരെ സാക്ഷ്യം പറയും:

ദൈവമായ ഞാൻ നിന്‍റെ ദൈവമാകുന്നു.

8 നിന്‍റെ ഹനനയാഗങ്ങളെക്കുറിച്ച് ഞാൻ നിന്നെ ശാസിക്കുന്നില്ല;

നിന്‍റെ ഹോമയാഗങ്ങൾ എപ്പോഴും എന്‍റെ മുമ്പാകെ ഉണ്ടല്ലോ.

9 നിന്‍റെ വീട്ടിൽനിന്ന് ഒരു കാളയെയോ

നിന്‍റെ തൊഴുത്തുകളിൽനിന്ന് ഒരു കോലാട്ടുകൊറ്റനെയോ ഞാൻ എടുക്കുകയില്ല.

10 കാട്ടിലെ സകലമൃഗങ്ങളും

ആയിരം കുന്നുകളിലെ കന്നുകാലികളും എനിക്കുള്ളവയാകുന്നു.

11 മലകളിലെ പക്ഷികളെ എല്ലാം ഞാൻ അറിയുന്നു;

വയലിലെ വന്യമൃഗങ്ങളും എനിക്കുള്ളവ തന്നെ.

12 "എനിക്ക് വിശക്കുമ്പോൾ ഞാൻ നിന്നോട് പറയുകയില്ല;

ലോകവും അതിലുള്ള സകലവും എന്‍റെതാകുന്നു.

13 ഞാൻ കാളകളുടെ മാംസം തിന്നുമോ?

കോലാട്ടുകൊറ്റന്മാരുടെ രക്തം കുടിക്കുമോ?

14 ദൈവത്തിന് സ്തോത്രയാഗം അർപ്പിക്കുക;

അത്യുന്നതനായ ദൈവത്തിന് നിന്‍റെ നേർച്ചകൾ കഴിക്കുക.

15 കഷ്ടകാലത്ത് എന്നെ വിളിച്ചപേക്ഷിക്കുക;

ഞാൻ നിന്നെ വിടുവിക്കുകയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും."

16 എന്നാൽ ദുഷ്ടനോട് ദൈവം അരുളിച്ചെയ്യുന്നത്:

"എന്‍റെ ചട്ടങ്ങൾ അറിയിക്കുവാനും എന്‍റെ നിയമം നിന്‍റെ വായിൽ എടുക്കുവാനും നിനക്കു എന്ത് കാര്യം?

17 നീ ശാസന വെറുത്ത്

എന്‍റെ വചനങ്ങൾ നിന്‍റെ പിറകിൽ എറിഞ്ഞുകളയുന്നുവല്ലോ.

18 കള്ളനെ കണ്ടാൽ നീ അവന്‍റെ പക്ഷം ചേരുന്നു;

വ്യഭിചാരികളോട് നീ കൂട്ട് കൂടുന്നു.

19 "നിന്‍റെ വായ് നീ ദോഷത്തിന് വിട്ടുകൊടുക്കുന്നു;

നിന്‍റെ നാവ് വഞ്ചനയ്ക്ക് രൂപം നൽകുന്നു.

20 നീ ഇരുന്ന് നിന്‍റെ സഹോദരന് വിരോധമായി സംസാരിക്കുന്നു;

നിന്‍റെ അമ്മയുടെ മകനെക്കുറിച്ച് അപവാദം പറയുന്നു.

21 ഇപ്രകാരം നീ ചെയ്യുകയും ഞാൻ മിണ്ടാതിരിക്കുകയും ചെയ്തപ്പോൾ

ഞാനും നിന്നെപ്പോലെയുള്ളവനെന്ന് നീ വിചാരിച്ചു;

എന്നാൽ ഞാൻ നിന്നെ ശാസിച്ച് നിന്‍റെ കണ്ണിന്‍റെ മുമ്പിൽ അവയെല്ലാം നിരത്തിവക്കും."

22 "ദൈവത്തെ മറക്കുന്നവരേ, ഇത് ഓർത്തുകൊള്ളുവീൻ;

അല്ലെങ്കിൽ ഞാൻ നിങ്ങളെ കീറിക്കളയും;

വിടുവിക്കുവാൻ ആരും ഉണ്ടാകുകയുമില്ല.

23 സ്തോത്രമെന്ന യാഗം അർപ്പിക്കുന്നവൻ എന്നെ മഹത്വപ്പെടുത്തുന്നു;

തന്‍റെ നടപ്പ് ക്രമപ്പെടുത്തുന്നവന് ഞാൻ ദൈവത്തിന്‍റെ രക്ഷയെ കാണിച്ചുകൊടുക്കും."

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_06-50-08-