Publicidade

Salmos 36

മനുഷ്യന്‍റെ ദുഷ്ടതയും ദൈവത്തിന്‍റെ സ്നേഹവും
സംഗീതപ്രമാണിക്ക്; യഹോവയുടെ ദാസനായ ദാവീദിന്‍റെ ഒരു സങ്കീർത്തനം.

1 ദുഷ്ടന്‍റെ ഹൃദയത്തിൽ പാപ ഉദ്ദേശ്യമുണ്ട്;

അവന്‍റെ ദൃഷ്ടിയിൽ ദൈവഭയമില്ല.

2 "എന്‍റെ കുറ്റം തെളിയുകയും വെറുക്കപ്പെടുകയും ചെയ്യുകയില്ല"

എന്നിങ്ങനെ അവൻ തന്നോട് തന്നെ മധുരവാക്ക് പറയുന്നു.

3 അവന്‍റെ വായിലെ വാക്കുകളിൽ അകൃത്യവും വഞ്ചനയും ഉണ്ട്;

ജ്ഞാനിയായിരിക്കുന്നതും നന്മചെയ്യുന്നതും അവൻ വിട്ടുകളഞ്ഞിരിക്കുന്നു.

4 അവൻ തന്‍റെ കിടക്കമേൽ അകൃത്യം ചിന്തിക്കുന്നു;

തിന്മയുടെ വഴിയിൽ അവൻ നില്ക്കുന്നു;

ദോഷം വെറുക്കുന്നതുമില്ല.

5 യഹോവേ, അങ്ങേയുടെ ദയ ആകാശത്തോളവും

അവിടുത്തെ വിശ്വസ്തത മേഘങ്ങളോളവും എത്തുന്നു.

6 അങ്ങേയുടെ നീതി മഹാപർവ്വതങ്ങളെപ്പോലെയും

അവിടുത്തെ ന്യായവിധികൾ ആഴികളെപ്പോലെയും ആകുന്നു;

യഹോവേ, അവിടുന്ന് മനുഷ്യരെയും മൃഗങ്ങളെയും രക്ഷിക്കുന്നു.

7 ദൈവമേ, അങ്ങേയുടെ ദയ എത്ര വിലയേറിയത്!

മനുഷ്യപുത്രന്മാർ അങ്ങേയുടെ ചിറകിൻ നിഴലിൽ ശരണം പ്രാപിക്കുന്നു.

8 അങ്ങേയുടെ ആലയത്തിലെ സമൃദ്ധി അനുഭവിച്ച് അവർ തൃപ്തി പ്രാപിക്കുന്നു;

അവിടുത്തെ ആനന്ദനദി അവിടുന്ന് അവരെ കുടിപ്പിക്കുന്നു.

9 അവിടുത്തെ പക്കൽ ജീവന്‍റെ ഉറവുണ്ടല്ലോ;

അവിടുത്തെ പ്രകാശത്തിൽ ഞങ്ങൾ പ്രകാശം കാണുന്നു.

10 അവിടുത്തെ അറിയുന്നവർക്ക് അങ്ങേയുടെ ദയയും

പരമാർത്ഥഹൃദയമുള്ളവർക്ക് അങ്ങേയുടെ നീതിയും നിലനിർത്തേണമേ.

11 നിഗളികളുടെ കാൽ എന്‍റെ നേരെ വരരുതേ;

ദുഷ്ടന്മാരുടെ കൈ എന്നെ ഓടിച്ചുകളയരുതേ.

12 ദുഷ്പ്രവൃത്തിക്കാർ അവിടെത്തന്നെ വീഴുന്നു:

അവർ മറിഞ്ഞു വീഴുന്നു; എഴുന്നേല്ക്കുവാൻ കഴിയുന്നതുമില്ല.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_06-50-08-