Pular para o conteúdo
Publicidade

സങ്കീർത്തനങ്ങൾ 85

ദേശത്തിനുവേണ്ടിയുള്ള പ്രാർത്ഥന

സംഗീതപ്രമാണിക്ക്; കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം.

1 യഹോവേ, അങ്ങ് അങ്ങേയുടെ ദേശത്തെ കടാക്ഷിച്ചിരിക്കുന്നു;

യാക്കോബിന്‍റെ പ്രവാസികളെ മടക്കി വരുത്തിയിരിക്കുന്നു.

2 അങ്ങേയുടെ ജനത്തിന്‍റെ അകൃത്യം അവിടുന്ന് മോചിച്ചു;

അവരുടെ പാപം സകലവും അവിടുന്ന് മൂടിക്കളഞ്ഞു. സേലാ.

3 അങ്ങേയുടെ ക്രോധം മുഴുവനും അവിടുന്ന് അടക്കിക്കളഞ്ഞു;

അങ്ങേയുടെ ക്രോധത്തിന്‍റെ ഭയാനകതയിൽ നിന്ന് അവിടുന്ന് പിന്മാറിയിരിക്കുന്നു.

4 ഞങ്ങളുടെ രക്ഷയുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ;

ഞങ്ങളോടുള്ള അങ്ങേയുടെ നീരസം മതിയാക്കേണമേ.

5 അവിടുന്ന് സദാകാലവും ഞങ്ങളോട് കോപിക്കുമോ?

തലമുറതലമുറയോളം അങ്ങേയുടെ കോപം നിലനില്‍ക്കുമോ?

6 അങ്ങേയുടെ ജനം അങ്ങയിൽ ആനന്ദിക്കേണ്ടതിന്

അവിടുന്ന് ഞങ്ങളെ വീണ്ടും ജീവിപ്പിക്കുകയില്ലയോ?

7 യഹോവേ, ഞങ്ങളോട് ദയ കാണിക്കേണമേ;

അവിടുത്തെ രക്ഷ ഞങ്ങൾക്ക് നല്കേണമേ.

8 യഹോവയായ ദൈവം അരുളിച്ചെയ്യുന്നത് ഞാൻ കേൾക്കും;

ദൈവം തന്‍റെ ജനത്തിനും തന്‍റെ ഭക്തന്മാർക്കും സമാധാനം അരുളും.

അവർ ഭോഷത്തത്തിലേക്ക് വീണ്ടും തിരിയാതിരിക്കട്ടെ.

9 തിരുമഹത്വം നമ്മുടെ ദേശത്തിൽ വസിക്കേണ്ടതിന്

ദൈവത്തിന്‍റെ രക്ഷ തന്‍റെ ഭക്തന്മാർക്ക് സമീപമായിരിക്കുന്നു, നിശ്ചയം.

10 ദയയും വിശ്വസ്തതയും തമ്മിൽ എതിരേറ്റിരിക്കുന്നു.

നീതിയും സമാധാനവും തമ്മിൽ ചുംബിച്ചിരിക്കുന്നു.

11 വിശ്വസ്തത ഭൂമിയിൽനിന്ന് മുളയ്ക്കുന്നു;

നീതി സ്വർഗ്ഗത്തിൽനിന്ന് നോക്കുന്നു.

12 യഹോവ നന്മ നല്കുകയും

നമ്മുടെ ദേശം വിളവ് തരുകയും ചെയ്യും.

13 നീതി ദൈവത്തിന് മുമ്പായി നടക്കുകയും

അവിടുത്തെ കാൽചുവടുകൾ നമുക്ക് പാതയാകുകയും ചെയ്യും.

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.