Publicidade

Salmos 25

മാർഗ്ഗനിർദ്ദേശത്തിനും വിടുതലിനുമുള്ള പ്രാർത്ഥന
ദാവീദിന്‍റെ ഒരു സങ്കീർത്തനം.

1 യഹോവേ, അങ്ങയിലേക്ക് ഞാൻ മനസ്സ് ഉയർത്തുന്നു;

2 എന്‍റെ ദൈവമേ, അങ്ങയിൽ ഞാൻ ആശ്രയിക്കുന്നു;

ഞാൻ ലജ്ജിച്ചുപോകരുതേ;

എന്‍റെ ശത്രുക്കൾ എന്‍റെ മേൽ ജയം ഘോഷിക്കരുതേ.

3 അങ്ങേയ്ക്കായി കാത്തിരിക്കുന്ന ഒരുവനും ലജ്ജിച്ചു പോകുകയില്ല;

വെറുതെ ദ്രോഹിക്കുന്നവർ ലജ്ജിച്ചുപോകും.

4 യഹോവേ, അങ്ങേയുടെ വഴികൾ എന്നെ അറിയിക്കേണമേ;

അങ്ങേയുടെ പാതകൾ എനിക്ക് ഉപദേശിച്ചു തരേണമേ!

5 അങ്ങേയുടെ സത്യത്തിൽ എന്നെ നടത്തി പഠിപ്പിക്കേണമേ;

അവിടുന്ന് എന്‍റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ;

ദിവസം മുഴുവൻ ഞാൻ അങ്ങേയ്ക്കായി കാത്തിരിക്കുന്നു.

6 യഹോവേ, അങ്ങേയുടെ കരുണയും ദയയും ഓർക്കേണമേ;

അവ പണ്ടുപണ്ടേയുള്ളവയല്ലോ.

7 എന്‍റെ യൗവ്വനത്തിലെ പാപങ്ങളും ലംഘനങ്ങളും ഓർക്കരുതേ;

യഹോവേ, അങ്ങേയുടെ കൃപയും ദയയും നിമിത്തംതന്നെ, എന്നെ ഓർക്കേണമേ.

8 യഹോവ നല്ലവനും നേരുള്ളവനും ആകുന്നു.

അതുകൊണ്ട് അവിടുന്ന് പാപികളെ നേർവഴി പഠിപ്പിക്കുന്നു.

9 സൗമ്യതയുള്ളവരെ അവിടുന്ന് ന്യായത്തിൽ നടത്തുന്നു;

സൗമ്യതയുള്ളവർക്ക് തന്‍റെ വഴി പഠിപ്പിച്ചു കൊടുക്കുന്നു.

10 യഹോവയുടെ നിയമവും സാക്ഷ്യങ്ങളും പ്രമാണിക്കുന്നവർക്ക്

അവിടുത്തെ വഴികളെല്ലാം ദയയും സത്യവും ആകുന്നു.

11 യഹോവേ, എന്‍റെ അകൃത്യം വലിയത്;

തിരുനാമംനിമിത്തം അത് ക്ഷമിക്കേണമേ.

12 യഹോവാഭക്തനായ പുരുഷൻ ആര്‍?

അവൻ തിരഞ്ഞെടുക്കേണ്ട വഴി കർത്താവ് അവന് കാണിച്ചുകൊടുക്കും.

13 അവൻ മനോസുഖത്തോടെ വസിക്കും;

അവന്‍റെ സന്തതി ദേശം അവകാശമാക്കും.

14 യഹോവയുടെ സഖിത്വം തന്‍റെ ഭക്തന്മാർക്ക് ഉണ്ടാകും;

അവിടുന്ന് തന്‍റെ നിയമം അവരെ അറിയിക്കുന്നു.

15 എന്‍റെ കണ്ണ് എപ്പോഴും യഹോവയിങ്കലേക്കാകുന്നു;

കർത്താവ് എന്‍റെ കാലുകളെ വലയിൽനിന്ന് വിടുവിക്കും.

16 എന്നിലേക്ക് തിരിഞ്ഞ് എന്നോട് കരുണയുണ്ടാകണമേ;

ഞാൻ ഏകാകിയും അരിഷ്ടനും ആകുന്നു.

17 എന്‍റെ മനഃപീഡകൾ വർദ്ധിച്ചിരിക്കുന്നു;

എന്‍റെ സങ്കടങ്ങളിൽനിന്ന് എന്നെ വിടുവിക്കേണമേ.

18 എന്‍റെ അരിഷ്ടതയും അതിവേദനയും നോക്കണമേ;

എന്‍റെ സകലപാപങ്ങളും ക്ഷമിക്കേണമേ.

19 എന്‍റെ ശത്രുക്കൾ എത്രയെന്ന് നോക്കണമേ; അവർ പെരുകിയിരിക്കുന്നു;

അവർ കഠിനദ്വേഷത്തോടെ എന്നെ ദ്വേഷിക്കുന്നു;

20 എന്‍റെ പ്രാണനെ കാത്ത് എന്നെ വിടുവിക്കേണമേ;

അങ്ങയെ ശരണമാക്കിയിരിക്കുകയാൽ ഞാൻ ലജ്ജിച്ചുപോകരുതേ.

21 നിഷ്കളങ്കതയും നേരും എന്നെ പരിപാലിക്കുമാറാകട്ടെ;

ഞാൻ അങ്ങയിൽ പ്രത്യാശ വച്ചിരിക്കുന്നുവല്ലോ.

22 ദൈവമേ, യിസ്രായേലിനെ

അവന്‍റെ സകലകഷ്ടങ്ങളിൽനിന്നും വീണ്ടെടുക്കേണമേ.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-