Publicidade

Salmos 22

ഭക്തന്‍റെ വേദനയും പ്രത്യാശയും
സംഗീതപ്രമാണിക്ക്; ഉഷസ്സിൻ മാൻപേട എന്ന രാഗത്തിൽ; ദാവീദിന്‍റെ ഒരു സങ്കീർത്തനം.

1 എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, അങ്ങ് എന്നെ കൈവിട്ടതെന്ത്?

എന്നെ രക്ഷിക്കാതെയും എന്‍റെ ഞരക്കത്തിന്‍റെ വാക്കുകൾ കേൾക്കാതെയും അകന്നുനില്ക്കുന്നതെന്ത്?

2 എന്‍റെ ദൈവമേ, ഞാൻ പകൽ സമയത്ത് നിലവിളിക്കുന്നു; എങ്കിലും അവിടുന്ന് ഉത്തരമരുളുന്നില്ല;

രാത്രികാലത്തും ഞാൻ വിളിക്കുന്നു; എനിക്ക് ഒട്ടും സ്വസ്ഥതയില്ല.

3 യിസ്രായേലിന്‍റെ സ്തുതികളിൽ വസിക്കുന്നവനേ,

അവിടുന്ന് പരിശുദ്ധനാകുന്നുവല്ലോ.

4 ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർ അങ്ങയിൽ ആശ്രയിച്ചു;

അവർ ആശ്രയിക്കുകയും അവിടുന്ന് അവരെ വിടുവിക്കുകയും ചെയ്തു.

5 അവർ അങ്ങേയോട് നിലവിളിച്ചു രക്ഷപ്രാപിച്ചു;

അങ്ങയെ അവർ ആശ്രയിച്ചു, ലജ്ജിച്ചുപോയില്ല.

6 ഞാനോ മനുഷ്യനല്ല, ഒരു കൃമിയത്രേ;

മനുഷ്യരുടെ പരിഹാസപാത്രവും ജനത്താൽ നിന്ദിതനും തന്നെ.

7 എന്നെ കാണുന്നവരെല്ലാം എന്നെ പരിഹസിക്കുന്നു;

അവർ അധരം മലർത്തി തലകുലുക്കി പറയുന്നു:

8 "യഹോവയിൽ നിന്നെത്തന്നെ സമർപ്പിക്കുക! അവിടുന്ന് നിന്നെ രക്ഷിക്കട്ടെ!

അവിടുന്ന് നിന്നെ വിടുവിക്കട്ടെ! അവിടുത്തേക്ക് നിന്നിൽ പ്രസാദമുണ്ടല്ലോ."

9 അവിടുന്നല്ലയോ എന്നെ ഉദരത്തിൽനിന്ന് പുറപ്പെടുവിച്ചവൻ;

എന്‍റെ അമ്മയുടെ മുല കുടിക്കുമ്പോൾ അവിടുന്ന് എന്നെ അങ്ങയിൽ ആശ്രയിക്കുമാറാക്കി.

10 ജനിച്ച ഉടൻ തന്നെ ഞാൻ അങ്ങയിൽ ഏല്പിക്കപ്പെട്ടു;

എന്‍റെ അമ്മയുടെ ഉദരംമുതൽ അവിടുന്ന് എന്‍റെ ദൈവം.

11 കഷ്ടം അടുത്തിരിക്കുകയാൽ എന്നെ വിട്ടകന്നിരിക്കരുതേ;

സഹായിക്കുവാൻ മറ്റാരുമില്ലല്ലോ.

12 അനേകം കാളകൾ എന്നെ വളഞ്ഞു;

ബാശാനിൽ നിന്നുള്ള കാളകൂറ്റന്മാർ എന്നെ ചുറ്റിയിരിക്കുന്നു.

13 ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ

അവർ എന്‍റെ നേരെ വായ് പിളർക്കുന്നു.

14 ഞാൻ വെള്ളംപോലെ തൂകിപ്പോകുന്നു;

എന്‍റെ അസ്ഥികളെല്ലാം ബന്ധം വിട്ടിരിക്കുന്നു;

എന്‍റെ ഹൃദയം മെഴുകുപോലെ ആയി; എന്‍റെ ഉള്ളിൽ ഉരുകിയിരിക്കുന്നു.

15 എന്‍റെ ശക്തി ഓട്ടുകഷണംപോലെ ഉണങ്ങിയിരിക്കുന്നു;

എന്‍റെ നാവ് അണ്ണാക്കോട് പറ്റിയിരിക്കുന്നു.

അങ്ങ് എന്നെ മരണത്തിന്‍റെ പൊടിയിൽ ഇട്ടുമിരിക്കുന്നു.

16 നായ്ക്കൾ എന്നെ വളഞ്ഞു; ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു;

അവർ എന്‍റെ കൈകളെയും കാലുകളെയും തുളച്ചു.

17 എന്‍റെ അസ്ഥികളെല്ലാം എനിക്ക് എണ്ണാം;

അവർ എന്നെ തുറിച്ച് നോക്കുന്നു.

18 എന്‍റെ വസ്ത്രം അവർ പകുത്തെടുത്തു,

എന്‍റെ അങ്കിക്കായി അവർ ചീട്ടിടുന്നു.

19 അവിടുന്ന് അകന്നിരിക്കരുതേ;

എന്‍റെ തുണയായുള്ളോവേ, എന്നെ സഹായിക്കുവാൻ വേഗം വരേണമേ.

20 വാളിൽനിന്ന് എന്‍റെ പ്രാണനെയും

നായയുടെ കയ്യിൽനിന്ന് എന്‍റെ ജീവനെയും വിടുവിക്കേണമേ.

21 സിംഹത്തിന്‍റെ വായിൽനിന്ന് എന്നെ രക്ഷിക്കേണമേ;

കാട്ടുപോത്തുകളുടെ കൊമ്പുകൾക്കിടയിൽ അവിടുന്ന് എന്നെ രക്ഷിക്കുന്നു.

22 ഞാൻ തിരുനാമത്തെ എന്‍റെ സഹോദരന്മാരോട് കീർത്തിക്കും;

സഭാമദ്ധ്യത്തിൽ ഞാൻ അങ്ങയെ സ്തുതിക്കും.

23 യഹോവാഭക്തന്മാരേ, അവിടുത്തെ സ്തുതിക്കുവിൻ;

യാക്കോബിന്‍റെ സകലസന്തതികളുമേ, അവിടുത്തെ മഹത്വപ്പെടുത്തുവിൻ;

യിസ്രായേലിന്‍റെ സർവ്വസന്തതികളുമേ, കർത്താവിനെ ഭയപ്പെടുവിൻ.

24 അരിഷ്ടന്‍റെ അരിഷ്ടത അവിടുന്ന് നിരസിച്ചില്ല, വെറുത്തതുമില്ല;

തന്‍റെ മുഖം അവന് മറച്ചതുമില്ല;

തന്നെ വിളിച്ചപേക്ഷിച്ചപ്പോൾ കേൾക്കുകയത്രേ ചെയ്തത്.

25 മഹാസഭയിൽ എന്‍റെ പ്രശംസ അങ്ങയെക്കുറിച്ചാകുന്നു.

കർത്താവിന്‍റെ ഭക്തന്മാരുടെ കൺമുമ്പിൽ ഞാൻ എന്‍റെ നേർച്ചകൾ കഴിക്കും.

26 എളിയവർ ഭക്ഷിച്ച് തൃപ്തരാകും;

യഹോവയെ അന്വേഷിക്കുന്നവർ അവിടുത്തെ സ്തുതിക്കും.

അവരുടെ ഹൃദയം എന്നേക്കും സുഖമായിരിക്കട്ടെ.

27 ഭൂമിയുടെ അറുതികളിൽ ഉള്ളവർ ഒക്കെയും ഇതോർത്ത് യഹോവയിലേക്ക് തിരിയും;

സകലവംശങ്ങളും അവന്‍റെ മുൻപാകെ നമസ്കരിക്കും.

28 രാജത്വം യഹോവയ്ക്കുള്ളതല്ലയോ;

അവിടുന്ന് ജനതയെ ഭരിക്കുന്നു.

29 ഭൂമിയിൽ പുഷ്ടിയുള്ളവരെല്ലാം ആരാധിക്കും;

തന്‍റെ പ്രാണനെ രക്ഷിക്കുവാൻ കഴിയാതെ

പൊടിയിലേക്ക് മടങ്ങിച്ചേരുന്നവരും അവിടുത്തെ മുൻപാകെ കുമ്പിടും.

30 വരുവാനുള്ള ഒരു സന്തതി അങ്ങയെ സേവിക്കും;

വരുന്ന തലമുറയോട് യഹോവയെക്കുറിച്ച് കീർത്തിക്കും.

31 അവർ വന്ന്, ജനിക്കുവാനുള്ള തലമുറയോട്,

"കർത്താവ് ഇത് നിവർത്തിച്ചിരിക്കുന്നു" എന്നു അവിടുത്തെ നീതിയെ വർണ്ണിക്കും.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-