Publicidade

Salmos 55

ഒരു സുഹൃത്തിൻ്റെ വഞ്ചനയെക്കുറിച്ചുള്ള പരാതി
സംഗീതപ്രമാണിക്ക്; തന്ത്രിനാദത്തോടെ ദാവീദിന്‍റെ ഒരു ധ്യാനം.

1 ദൈവമേ, എന്‍റെ പ്രാർത്ഥന ശ്രദ്ധിക്കേണമേ;

എന്‍റെ യാചനയ്ക്ക് മറഞ്ഞിരിക്കരുതേ.

2 എനിക്ക് ചെവിതന്ന് ഉത്തരമരുളേണമേ;

ശത്രുവിന്‍റെ കൂക്കുവിളി നിമിത്തവും ദുഷ്ടന്‍റെ പീഢ നിമിത്തവും

ഞാൻ എന്‍റെ സങ്കടത്തിൽ പൊറുതിയില്ലാതെ ഞരങ്ങുന്നു.

3 അവർ എന്‍റെ മേൽ നീതികേട് ചുമത്തുന്നു;

കോപത്തോടെ എന്നെ ഉപദ്രവിക്കുന്നു.

4 എന്‍റെ ഹൃദയം എന്‍റെ ഉള്ളിൽ വേദനപ്പെട്ടിരിക്കുന്നു;

മരണഭീതിയും എന്‍റെ മേൽ വീണിരിക്കുന്നു.

5 ഭയവും വിറയലും എന്നെ പിടിച്ചിരിക്കുന്നു;

പരിഭ്രമം എന്നെ മൂടിയിരിക്കുന്നു.

6 "പ്രാവിനെപ്പോലെ

എനിക്ക് ചിറകുണ്ടായിരുന്നുവെങ്കിൽ!

എന്നാൽ ഞാൻ പറന്നുപോയി വിശ്രമിക്കുമായിരുന്നു" എന്നു ഞാൻ പറഞ്ഞു.

7 അതേ, ഞാൻ ദൂരത്ത് സഞ്ചരിച്ച്,

മരുഭൂമിയിൽ പാർക്കുമായിരുന്നു! സേലാ.

8 ഞാൻ കൊടുങ്കാറ്റിൽനിന്നും പെരുങ്കാറ്റിൽനിന്നും ബദ്ധപ്പെട്ട്

ഒരു സങ്കേതത്തിലേക്ക് ഓടിപ്പോകുമായിരുന്നു!

9 കർത്താവേ, അവരുടെ നാവുകളെ നശിപ്പിച്ച് വികലമാക്കേണമേ.

ഞാൻ നഗരത്തിൽ അതിക്രമവും കലഹവും കണ്ടിരിക്കുന്നു.

10 രാവും പകലും അവർ അതിന്‍റെ മതിലുകളിന്മേൽ ചുറ്റി സഞ്ചരിക്കുന്നു;

നീതികേടും കഷ്ടവും അതിന്‍റെ അകത്തുണ്ട്.

11 ദുഷ്ടത അതിന്‍റെ നടുവിൽ ഉണ്ട്;

ചതിവും വഞ്ചനയും അതിന്‍റെ വീഥികളെ വിട്ടുമാറുന്നതുമില്ല.

12 എന്നെ നിന്ദിച്ചത് ഒരു ശത്രുവല്ല; അങ്ങനെയെങ്കിൽ ഞാൻ സഹിക്കുമായിരുന്നു;

എന്‍റെ നേരെ വമ്പ് പറഞ്ഞത് എന്നെ വെറുക്കുന്നവനല്ല;

അങ്ങനെയെങ്കിൽ ഞാൻ മറഞ്ഞുകൊള്ളുമായിരുന്നു.

13 നീയോ എന്നോട് സമനായ മനുഷ്യനും എന്‍റെ സഖിയും

എന്‍റെ പ്രാണസ്നേഹിതനുമായിരുന്നു.

14 നാം തമ്മിൽ മധുരസമ്പർക്കം ചെയ്തു

പുരുഷാരവുമായി ദൈവാലയത്തിലേക്ക് പോയിരുന്നല്ലോ.

15 മരണം പെട്ടെന്ന് അവരെ പിടിക്കട്ടെ;

അവർ ജീവനോടെ പാതാളത്തിലേക്ക് ഇറങ്ങട്ടെ;

ദുഷ്ടത അവരുടെ വാസസ്ഥലത്തും അവരുടെ ഉള്ളിലും ഉണ്ട്.

16 ഞാൻ ദൈവത്തെ വിളിച്ചപേക്ഷിക്കും;

യഹോവ എന്നെ രക്ഷിക്കും.

17 ഞാൻ വൈകുന്നേരത്തും കാലത്തും ഉച്ചയ്ക്കും സങ്കടം ബോധിപ്പിച്ച് കരയും;

കർത്താവ് എന്‍റെ പ്രാർത്ഥന കേൾക്കും.

18 എന്നോട് എതിർത്തു നിന്നവർ അനേകം പേരായിരുന്നു.

അവർ ആരും എന്നോട് അടുക്കാത്തവിധം കർത്താവ്

എന്‍റെ പ്രാണനെ വീണ്ടെടുത്ത് സമാധാനത്തിലാക്കി;

19 കാലം ആരംഭിക്കുന്നതിനുമുമ്പ് സിംഹാസനസ്ഥനായ ദൈവം എന്‍റെ നിലവിളികേട്ട് അവരെ തോല്പിക്കും. സേലാ.

അവർക്ക് മാനസാന്തരമില്ല; അവർ ദൈവത്തെ ഭയപ്പെടുന്നതുമില്ല.

20 തന്നോട് സമാധാനമായിരിക്കുന്നവരെ കയ്യേറ്റം ചെയ്തു

തന്‍റെ സഖ്യത അവൻ ലംഘിച്ചിരിക്കുന്നു.

21 അവന്‍റെ വായ് വെണ്ണപോലെ മൃദുവായത്;

ഹൃദയത്തിലോ യുദ്ധമത്രേ.

അവന്‍റെ വാക്കുകൾ എണ്ണയെക്കാൾ മയമുള്ളവ;

എങ്കിലും അവ ഊരിയ വാളുകൾ ആയിരുന്നു.

22 നിന്‍റെ ഭാരം യഹോവയുടെമേൽ വച്ചുകൊള്ളുക;

അവിടുന്ന് നിന്നെ പുലർത്തും;

നീതിമാൻ കുലുങ്ങിപ്പോകുവാൻ അവിടുന്ന് ഒരുനാളും സമ്മതിക്കുകയില്ല.

23 ദൈവമേ, അങ്ങ് അവരെ നാശത്തിന്‍റെ കുഴിയിലേക്ക് ഇറക്കും;

കൊലപാതകവും കാപട്യവും ഉള്ളവർ ആയുസ്സിന്‍റെ പകുതിയോളം ജീവിക്കുകയില്ല;

എന്നാൽ ഞാൻ അങ്ങയിൽ ആശ്രയിക്കും.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_06-50-08-