Publicidade

Salmos 30

സ്തോത്ര പ്രാർത്ഥന
ആലയപ്രതിഷ്ഠാഗീതം; ദാവീദിന്‍റെ ഒരു സങ്കീർത്തനം.

1 യഹോവേ, ഞാൻ അങ്ങയെ പുകഴ്ത്തുന്നു; അവിടുന്ന് എന്നെ ഉദ്ധരിച്ചിരിക്കുന്നു;

എന്‍റെ ശത്രുക്കൾ എന്നെക്കുറിച്ച് സന്തോഷിക്കുവാൻ അവിടുന്ന് സന്ദർഭം ഉണ്ടാക്കിയതുമില്ല.

2 എന്‍റെ ദൈവമായ യഹോവേ, അങ്ങേയോട് ഞാൻ നിലവിളിച്ചു;

അവിടുന്ന് എന്നെ സൗഖ്യമാക്കുകയും ചെയ്തു.

3 യഹോവേ, അവിടുന്ന് എന്‍റെ പ്രാണനെ പാതാളത്തിൽനിന്ന് കയറ്റിയിരിക്കുന്നു;

കുഴിയിൽ ഇറങ്ങി പോകുന്നവരുടെ ഇടയിൽനിന്ന് അവിടുന്ന് എനിക്ക് ജീവരക്ഷ വരുത്തിയിരിക്കുന്നു.

4 യഹോവയുടെ വിശുദ്ധന്മാരേ, കർത്താവിന് സ്തുതിപാടുവിൻ;

അവിടുത്തെ വിശുദ്ധനാമത്തിന് സ്തോത്രം ചെയ്‌വിൻ.

5 അവിടുത്തെ കോപം ക്ഷണനേരത്തേക്കേയുള്ളു;

അവിടുത്തെ പ്രസാദമോ ജീവപര്യന്തമുള്ളത്;

സന്ധ്യയ്ക്ക് കരച്ചിൽ വന്ന് രാത്രിയിൽ വസിക്കും;

ഉഷസ്സിലാകട്ടെ ആനന്ദഘോഷം വരുന്നു.

6 "ഞാൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല" എന്നു

എന്‍റെ സുരക്ഷിതകാലത്ത് ഞാൻ പറഞ്ഞു.

7 യഹോവേ, അങ്ങേയുടെ പ്രസാദത്താൽ അങ്ങ് എന്നെ പർവ്വതം പോലെ ഉറച്ചു നില്‍ക്കുമാറാക്കി;

അവിടുത്തെ മുഖം അങ്ങ് മറച്ചു, ഞാൻ ഭ്രമിച്ചുപോയി.

8 യഹോവേ, ഞാൻ അങ്ങേയോട് നിലവിളിച്ചു;

യഹോവയോട് ഞാൻ യാചിച്ചു.

9 ഞാൻ കുഴിയിൽ ഇറങ്ങിപ്പോയാൽ എന്‍റെ രക്തംകൊണ്ട് എന്ത് ലാഭമാണുള്ളത്?

ധൂളി അങ്ങയെ സ്തുതിക്കുമോ?

അത് അങ്ങേയുടെ സത്യം പ്രസ്താവിക്കുമോ?

10 യഹോവേ, കേൾക്കേണമേ; എന്നോട് കരുണയുണ്ടാകേണമേ;

യഹോവേ, എന്‍റെ രക്ഷകനായിരിക്കേണമേ.

11 അവിടുന്ന് എന്‍റെ ദുഃഖത്തെ ആനന്ദമാക്കിത്തീർത്തു;

അവിടുന്ന് എന്‍റെ ചണവസ്ത്രം അഴിച്ച് എന്നെ സന്തോഷം ധരിപ്പിച്ചിരിക്കുന്നു;

12 ഞാൻ മൗനമായിരിക്കാതെ അങ്ങേക്ക് സ്തുതി പാടേണ്ടതിനു തന്നെ.

എന്‍റെ ദൈവമായ യഹോവേ, ഞാൻ എന്നേക്കും അങ്ങേക്ക് സ്തോത്രം ചെയ്യും.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-