Publicidade

Salmos 71

ഒരു വൃദ്ധന്‍റെ പ്രാർത്ഥന

1 യഹോവേ, ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു;

ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ.

2 അങ്ങേയുടെ നീതിനിമിത്തം എന്നെ ഉദ്ധരിച്ച് വിടുവിക്കേണമേ;

അങ്ങേയുടെ ചെവി എന്നിലേക്ക് ചായിച്ച് എന്നെ രക്ഷിക്കേണമേ.

3 ഞാൻ എപ്പോഴും വന്ന് പാർക്കേണ്ടതിന്

അവിടുന്ന് എനിക്ക് ഉറപ്പുള്ള പാറയായിരിക്കേണമേ;

എന്നെ രക്ഷിക്കുവാൻ അവിടുന്ന് കല്പിച്ചിരിക്കുന്നു;

അങ്ങ് എന്‍റെ പാറയും എന്‍റെ കോട്ടയും ആകുന്നുവല്ലോ.

4 എന്‍റെ ദൈവമേ, ദുഷ്ടന്‍റെ കയ്യിൽനിന്നും

നീതികേടും ക്രൂരതയും ഉള്ളവന്‍റെ കയ്യിൽനിന്നും എന്നെ വിടുവിക്കേണമേ.

5 യഹോവയായ കർത്താവേ, അവിടുന്ന് എന്‍റെ പ്രത്യാശയാകുന്നു;

ബാല്യംമുതൽ അവിടുന്ന് എന്‍റെ ആശ്രയം തന്നെ.

6 ഗർഭംമുതൽ അവിടുന്ന് എന്നെ താങ്ങിയിരിക്കുന്നു;

എന്‍റെ അമ്മയുടെ ഉദരത്തിൽനിന്ന് എന്നെ എടുത്തവൻ അങ്ങ് തന്നെ;

എന്‍റെ സ്തുതി എപ്പോഴും അങ്ങയെക്കുറിച്ചാകുന്നു;

7 ഞാൻ പലർക്കും ഒരത്ഭുതം ആയിരിക്കുന്നു;

അങ്ങ് എന്‍റെ ബലമുള്ള സങ്കേതമാകുന്നു.

8 എന്‍റെ വായ് അങ്ങേയുടെ സ്തുതികൊണ്ടും

ഇടവിടാതെ അങ്ങേയുടെ പ്രശംസകൊണ്ടും നിറഞ്ഞിരിക്കുന്നു.

9 വാർദ്ധക്യകാലത്ത് അവിടുന്ന് എന്നെ തള്ളിക്കളയരുതേ;

ബലം ക്ഷയിക്കുമ്പോൾ എന്നെ ഉപേക്ഷിക്കുകയുമരുതേ.

10 എന്‍റെ ശത്രുക്കൾ എന്നെക്കുറിച്ച് സംസാരിക്കുന്നു;

എന്‍റെ പ്രാണഹാനിക്കായി കാത്തിരിക്കുന്നവർ ഗൂഢാലോചന നടത്തുന്നു.

11 "ദൈവം അവനെ ഉപേക്ഷിച്ചിരിക്കുന്നു; പിന്തുടർന്ന് പിടിക്കുവിൻ;

വിടുവിക്കുവാൻ ആരുമില്ല" എന്നു അവർ പറയുന്നു.

12 ദൈവമേ, എന്നോട് അകന്നിരിക്കരുതേ;

എന്‍റെ ദൈവമേ, എന്നെ സഹായിക്കുവാൻ വേഗം വരേണമേ.

13 എന്‍റെ പ്രാണന് വിരോധികളായവർ ലജ്ജിച്ച് നശിച്ചുപോകട്ടെ;

എനിക്ക് അനർത്ഥം അന്വേഷിക്കുന്നവർ നിന്ദകൊണ്ടും ലജ്ജകൊണ്ടും മൂടിപ്പോകട്ടെ.

14 ഞാൻ എപ്പോഴും പ്രത്യാശിക്കും;

ഞാൻ മേല്ക്കുമേൽ അങ്ങയെ സ്തുതിക്കും.

15 എന്‍റെ വായ് ഇടവിടാതെ അവിടുത്തെ നീതിയെയും രക്ഷയെയും വർണ്ണിക്കും;

അവയുടെ സംഖ്യ എനിക്ക് അറിഞ്ഞുകൂടാ.

16 ഞാൻ യഹോവയായ കർത്താവിന്‍റെ വീര്യപ്രവൃത്തികളോടുകൂടി വരും;

അങ്ങേയുടെ നീതിയെ മാത്രം ഞാൻ കീർത്തിക്കും.

17 ദൈവമേ, എന്‍റെ ബാല്യംമുതൽ അങ്ങ് എന്നെ ഉപദേശിച്ചിരിക്കുന്നു;

ഇന്നുവരെ ഞാൻ അങ്ങേയുടെ അത്ഭുതപ്രവൃത്തികളെ അറിയിച്ചുമിരിക്കുന്നു.

18 ദൈവമേ, അടുത്ത തലമുറയോട് ഞാൻ അങ്ങേയുടെ ഭുജബലത്തെയും

വരുവാനുള്ള എല്ലാവരോടും അങ്ങേയുടെ വീര്യപ്രവൃത്തിയെയും അറിയിക്കുവോളം

വാർദ്ധക്യവും നരയും ഉള്ള കാലത്തും എന്നെ ഉപേക്ഷിക്കരുതേ.

19 ദൈവമേ, അവിടുത്തെ നീതിയും അത്യുന്നതമായിരിക്കുന്നു;

മഹാകാര്യങ്ങൾ പ്രവർത്തിച്ചിട്ടുള്ള ദൈവമേ,

അങ്ങേയോട് തുല്യൻ ആരാണുള്ളത്?

20 അനവധി കഷ്ടങ്ങളും അനർത്ഥങ്ങളും ഞങ്ങളെ കാണുമാറാക്കിയവനേ,

അവിടുന്ന് ഞങ്ങളെ വീണ്ടും ജീവിപ്പിക്കും;

ഭൂമിയുടെ ആഴങ്ങളിൽനിന്ന് ഞങ്ങളെ തിരികെ കയറ്റും.

21 അങ്ങ് എന്‍റെ മഹത്വം വർദ്ധിപ്പിച്ച്

എന്നെ വീണ്ടും ആശ്വസിപ്പിക്കേണമേ.

22 എന്‍റെ ദൈവമേ, ഞാൻ വീണകൊണ്ട് അങ്ങയെയും അവിടുത്തെ വിശ്വസ്തതയെയും സ്തുതിക്കും;

യിസ്രായേലിന്‍റെ പരിശുദ്ധനേ, ഞാൻ കിന്നരം കൊണ്ടു അങ്ങേക്ക് സ്തുതിപാടും.

23 ഞാൻ അങ്ങേക്ക് സ്തുതി പാടുമ്പോൾ എന്‍റെ അധരങ്ങളും

അങ്ങ് വീണ്ടെടുത്ത എന്‍റെ പ്രാണനും ഘോഷിച്ചാനന്ദിക്കും.

24 എന്‍റെ നാവും ഇടവിടാതെ അങ്ങേയുടെ നീതിയെക്കുറിച്ച് സംസാരിക്കും;

എനിക്ക് ആപത്ത് അന്വേഷിക്കുന്നവർ ലജ്ജിച്ച് ഭ്രമിച്ചുപോയിരിക്കുന്നു.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_06-50-08-