Publicidade

Salmos 9

ദൈവത്തിന്‍റെ ശക്തിയും നീതിയും
സംഗീതപ്രമാണിക്ക് പുത്രമരണരാഗത്തിൽ; ദാവീദിന്‍റെ ഒരു സങ്കീർത്തനം.

1 ഞാൻ പൂർണ്ണഹൃദയത്തോടെ യഹോവയെ സ്തുതിക്കും;

അവിടുത്തെ അത്ഭുതങ്ങളെയെല്ലാം ഞാൻ വർണ്ണിക്കും.

2 ഞാൻ അങ്ങയിൽ സന്തോഷിച്ചുല്ലസിക്കും;

അത്യുന്നതനായുള്ള യഹോവേ, ഞാൻ അവിടുത്തെ നാമത്തെ കീർത്തിക്കും.

3 എന്‍റെ ശത്രുക്കൾ പിൻവാങ്ങുമ്പോൾ,

തിരുസന്നിധിയിൽ ഇടറിവീണു നശിച്ചുപോകും.

4 അവിടുന്ന് എന്‍റെ കാര്യവും വ്യവഹാരവും നടത്തി,

നീതിയോടെ വിധിച്ചുകൊണ്ട് സിംഹാസനത്തിൽ ഇരിക്കുന്നു;

5 അവിടുന്ന് ജനതകളെ ശാസിച്ച്, ദുഷ്ടനെ നശിപ്പിച്ചിരിക്കുന്നു;

അവരുടെ നാമംപോലും സദാകാലത്തേക്കും മായിച്ചുകളഞ്ഞു.

6 ശത്രുക്കൾ സദാകാലത്തേക്കും നശിച്ചിരിക്കുന്നു;

അവരുടെ പട്ടണങ്ങളെയും അവിടുന്ന് മറിച്ചുകളഞ്ഞിരിക്കുന്നു;

അവയുടെ ഓർമ്മയും ഇല്ലാതെയായിരിക്കുന്നു.

7 എന്നാൽ യഹോവ എന്നേക്കും വാഴുന്നു;

ന്യായവിധിക്കായി അങ്ങേയുടെ സിംഹാസനം ഒരുക്കിയിരിക്കുന്നു.

8 അവിടുന്ന് ലോകത്തെ നീതിയോടെ വിധിക്കും;

ജനതതികൾക്ക് നേരോടെ ന്യായപാലനം ചെയ്യും.

9 യഹോവ പീഡിതന് ഒരു അഭയസ്ഥാനം;

കഷ്ടകാലത്ത് ഒരഭയസ്ഥാനം തന്നെ.

10 തിരുനാമത്തെ അറിയുന്നവർ അങ്ങയിൽ ആശ്രയിക്കും;

യഹോവേ, അവിടുത്തെ അന്വേഷിക്കുന്നവരെ അവിടുന്ന് ഉപേക്ഷിക്കുന്നില്ലല്ലോ.

11 സീയോനിൽ വസിക്കുന്ന യഹോവയ്ക്ക് സ്തോത്രം പാടുവിൻ;

അവിടുത്തെ പ്രവൃത്തികളെ ജനതതിയുടെ ഇടയിൽ ഘോഷിപ്പിൻ.

12 രക്തപാതകത്തിന് പ്രതികാരം ചെയ്യുന്ന ദൈവം അവരെ ഓർക്കുന്നു;

എളിയവരുടെ നിലവിളിയെ മറക്കുന്നതുമില്ല.

13 യഹോവേ, എന്നോട് കരുണയുണ്ടാകേണമേ;

മരണവാതിലുകളിൽനിന്ന് എന്നെ ഉദ്ധരിക്കുന്നവനേ,

എന്നെ പകയ്ക്കുന്നവരാൽ എനിക്ക് നേരിടുന്ന കഷ്ടം നോക്കേണമേ.

14 ഞാൻ സീയോൻപുത്രിയുടെ പടിവാതിലുകളിൽ അങ്ങയെ സ്തുതിച്ച്

അങ്ങേയുടെ രക്ഷയിൽ സന്തോഷിക്കേണ്ടതിനു തന്നെ.

15 ജനതകൾ അവർ ഉണ്ടാക്കിയ കുഴിയിൽ താണുപോയി;

അവർ ഒളിച്ചുവച്ച വലയിൽ അവരുടെ കാൽ തന്നെ അകപ്പെട്ടിരിക്കുന്നു.

16 യഹോവ തന്നെത്താൻ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു;

ദുഷ്ടൻ സ്വന്തകൈകളുടെ പ്രവൃത്തിയിൽ കുടുങ്ങിയിരിക്കുന്നു. തന്ത്രിനാദം. സേലാ.

17 ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകലജനതതിയും

പാതാളത്തിലേക്കു തിരിയും.

18 ദരിദ്രനെ എന്നേക്കും മറന്നു പോകുകയില്ല;

സാധുക്കളുടെ പ്രത്യാശക്ക് എന്നും ഭംഗം വരുകയുമില്ല.

19 യഹോവേ, എഴുന്നേല്ക്കേണമേ, മർത്യൻ പ്രബലനാകരുതേ;

ജനതകൾ തിരുസന്നിധിയിൽ വിധിക്കപ്പെടുമാറാകട്ടെ.

20 യഹോവേ, തങ്ങൾ കേവലം മർത്യരാകുന്നു എന്നു ജനതകൾ അറിയേണ്ടതിനു

അവർക്കു ഭയം വരുത്തേണമേ. സേലാ.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-